ഒരു പ്രവാസിയുടെ നിഘണ്ടു.
ജോലി:
ഇഷ്ടം പോലെയാണു തെരഞ്ഞെടുക്കാന്.
വിഷപ്പാമ്പുകളുടെ പല്ലെടുക്കുന്ന ഡെന്റല് സര്ജന് മുതല്
സ്വന്തം ശ്വാസകോശം കൊണ്ട് ഹൈഡ്രജന് സള്ഫൈഡ്
കാര്ബണ് ഡയോക്സൈഡ് ആക്കുന്നതു വരെ...
പക്ഷെ, നിങ്ങള് അറിഞ്ഞു എന്നു വരില്ല
വിയര്പ്പിലൂടെ ഉപ്പുരുകി പോകുന്നതും
തെരണ്ടിവാല് കൊണ്ട് കഴുത്തില് കെട്ടിയ കുരുക്ക് മുറുകി ശ്വാസം നിലയ്ക്കുന്നതും
മുറി:
ഇവിടെ വിശ്രമിക്കാം; നിബന്ധനകള്ക്ക് വിധേയമായി.
ഉണ്ണാനും ഉറങ്ങാനും ഊഴമുണ്ട്.
പഴകിയ എ സി യുടെ മുഴക്കം വിമാനത്തിന്റെ
ചിറകൊച്ച പോലെ തോന്നിയേക്കാം.
ഇടയ്ജ്കല്പ്പം വിനോദം, വിരല് തുമ്പില്
ഐഡിയ സ്റ്റാര് സിംഗര്, നികേഷ് കുമാര്...
അന്നം:
പര്യായമായ് കുബ്ബൂസ് എന്നും പറയാം.
പാരസെറ്റാമോള് പോലെ,ഒന്നു വീതം മൂന്നു നേരം.
പിന്നേയുമുണ്ട്, ഹാര്ഡീസ് ,കെ എഫ് സി, പൊട്ടാഷ്, ഫാക്ടംഫോസ്...
ഇനി, എല്ലാം മടുക്കുമ്പോള് നിങ്ങള്ക്ക് പരസ്പരം അന്നമാവാം...
വിശപ്പ്:
ഭക്ഷണത്തോടൊഴികെ എന്തിനോടുമാവാം
നഷ്ടമാകുന്ന സ്വന്തം മുഖം ഇടക്കൊന്നു പകര്ത്താന്..
ഉപയോഗശൂന്യമായ ചെവിയിലേക്ക്
മരിച്ച സംഗീതത്തിന്റെ തുള്ളിമരുന്നിറ്റിക്കാന് ഒരു നോക്കിയ എന് 73 .
അല്ലെങ്കില് ഷോപ്പിങ്മാളിലെ ശീതളഛായയില്
ഒരു വേശ്യയെ പൊലെ അണിയിച്ചൊരുക്കിയ
ചുവന്ന റിബ്ബണ് കെട്ടിയ വണ്ടി..
ഇനി ചിലര്,
അവര് തര്ക്കത്തിലാണ്;
സ്വര്ഗ്ഗരാജ്യം ആകാശത്തിലോ ഭൂമിയിലോ അതോ ട്രോപ്പോസ്ഫിയറിലോ...?
ഒഴിവുദിനം:
വൈകിയുദിക്കുന്ന സൂര്യന്
ഉണരുമ്പോഴേക്കും നിഴലിന്റെ നീളം കുറുകിയിരിക്കും.
സായാഹ്നങ്ങളിലെ മഞ്ഞവെളിച്ചത്തില് തെരുവിന് കാമുകിയുടെ ചിരി.
ഗ്ലാസ്സിലെ പാനീയത്തിനു വിയര്പ്പിന്റെ ഗന്ധം, കണ്ണീരിന്റെ ഉപ്പ്.
കൂട്ടുകാര് :
തുലാസിന്റെ തട്ടിലേക്ക് തൂക്കമൊപ്പിക്കാന്
സ്വന്തം വിരല്തുമ്പ് കൂടി വെട്ടിയിടുന്ന ബംഗാളി,
കോണ്ക്രീറ്റിന് ഇരുമ്പിനെക്കാള് കാഡിന്യമുണ്ടെന്നു പറഞ്ഞ,
രാജകൊട്ടാരത്തിലെ ദേവതാരു ചെടി പോലെ
ഒരു
നേപ്പാളി,
ഓടകള്ക്ക് ഊദിന്റെ മണമാണെന്ന് പറഞ്ഞ പട്ടാണി,
കിടക്കവിരിയിലെ ചതുരങ്ങള്ക്കപ്പുറത്തേക്ക്
പാറ്റണ്ടാങ്കുപോലെ ഇഴഞ്ഞുനീങ്ങുന്ന മൂട്ടയെ
മാസ്കിങ്ങ്ടാപ്പില് ഒട്ടിച്ചു ഞെരിച്ചുകൊല്ലുന്ന പലസ്തീനി...
വീട്:
ഘടികാരത്തിന്റെ ക്രമപ്രവാഹത്തിനും
കലണ്ടറിന്റെ ചതുരംഗക്കളത്തിനുമപ്പുറം
ഒരു മറുകുപോലെ കാണാം.
ഒപ്പം ഒരു തുടിയുടെ ശബ്ദം.
അമ്ലമൂറുന്ന ആമാശയത്തിന്റെ നിലവിളി,
അനിയത്തിയുടെ കാതില്
കമ്മലിനു പകരം തിരുകിയ തുളസിക്കമ്പ്,
മെഡിക്കല് കോളെജിലെ ഡയാലിസിസ് മുറിയുടെ
പഴകിയ ചില്ലുവാതില്..
മടക്കയാത്ര:
വാങ്ങിക്കൂട്ടിയതൊക്കെ പെട്ടിയില്
ക്രമമായി അടുക്കിവെച്ചു,
ഏറ്റവും മുകളിലായി തുടിക്കുന്ന ഹൃദയവും.
പക്ഷെ, ഒന്നുമാത്രം കിട്ടിയില്ല;
ആ അത്ഭുതവിളക്ക്..
പിന്നെ, ഒരു സ്വപ്നം പോലെ
ഷഹ് റാസാദ്....
യാത്ര..
ശൂന്യനിശ്ശബ്ദതയില്
മലമുകളില് നിന്നും ആ ഭ്രാന്തന്റെ ചിരി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ