2013 ജനുവരി 31, വ്യാഴാഴ്‌ച

സിനിമ-ജപ്പാനീസ് വൈഫ് - അപര്‍ണ്ണ സെന്‍


സിനിമ-ജപ്പാനീസ് വൈഫ്.
-------------------------------
അപര്‍ണ്ണ സെന്‍ ന്റെ സിനിമയായ 'ദി ജപ്പാനീസ് വൈഫ് ' അവരുടെ മുന്‍കാല ചിത്രങ്ങളെ അപേക്ഷിച്ച് വളരെ പിന്നില്‍ നില്‍ക്കുന്ന ഒന്നാണ്. ആശയം കൊണ്ടോ ആഖ്യാനത്തില്‍ എന്തെങ്കിലും നവീനത പുലര്‍ത്തിക്കൊണ്ടോ ഒന്നും തന്നെ പ്രേക്ഷകനെ സ്പര്‍ശിക്കാതെ പോകുന്നു, ഈ സിനിമ.

നടീ തീരത്തുള്ള ഒരു ഗ്രാമത്തിലെ അധ്യാപകനായ സ്നേഹ്മോയ് , അയാള്‍ തൂലികാ സൌഹൃദാത്തിലൂടെ പരിചയപ്പെടുന്ന മിയഗെ എന്ന ജപ്പാനീസ് പെന്കുട്ടിയുമായി ഉള്ള പ്രണയവും പരസ്പരം കാണാതെയുള്ള വിവാഹവും ഒക്കെയായി സിനിമ ഒരു 'കാലഹരണപ്പെട്ട കാല്‍പനിക പരിവേഷത്തില്‍ ' കഥ പറഞ്ഞു പോകുന്നു. സ്നേഹ്മോയ് യെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചെങ്കിലും മറ്റൊരാളുടെ ഭാര്യയും പിന്നീട് അമ്മയും വിധവയും ആകേണ്ടി വരുന്ന റീമ സെന്നിന്റെ കഥാപാത്രം കൂടി വരുന്നതോടെ ഒരു മെലോഡ്രാമ ക്കുള്ള എല്ലാ കോപ്പും ആവുന്നു സിനിമയില്‍. കൃത്യമായ ഒരു കഥാ തന്തുവില്ലാതെ കാട് കയറിപ്പോകുന്ന ഒരു ക്യാമറ അനുഭവമായി സിനിമയിലെ ഒരു ദൃശ്യത്തിലുള്ള 'കയറു പൊട്ടിയ പട്ടം' പോലെ താഴേക്ക് പതിക്കുന്നു ഈ സിനിമ.

പഴകിയതും കാലഹരനപ്പെട്ടതുമായ ചില ആചാരങ്ങളെ സ്ഥാപിച്ചെടുക്കാന്‍ സിനിമയിലെ ഇമേജുകള്‍ സമര്‍ത്ഥമായി ഉപയോഗിക്കുകയും അതിനെ സംഭാഷണത്തിലൂടെ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്യുന്നുണ്ട് സംവിധായിക ചില ഘട്ടങ്ങളില്‍ . വിധവകള്‍ വെള്ള വസ്ത്രം മാത്രമേ ഉപയോഗിക്കൂ എന്നും ഭര്‍ത്താവിനെ കൂടുതല്‍ സ്നേഹിച്ചിരുന്ന വിധവകള്‍ തല മുന്ധനം ചെയ്യും എന്നും സ്നേഹ്മോയ് ഒരു ഘട്ടത്തില്‍ തന്റെ കാമുകിയോട് / ഭാര്യയോട് പറയുന്നുണ്ട്. സിനിമയുടെ അവസാനം ഒരിക്കലും പരസ്പരം കാണാത്ത ഭര്‍ത്താവിന്റെ മരണ ശേഷം മിയാഗെ വെള്ള വസ്ത്രം ധരിച്ച് ,തല മുന്ധനം ചെയ്ത് ഭര്‍ത്താവിന്റെ ഗ്രാമത്തിലെത്തുമ്പോള്‍ പ്രേക്ഷകന് 'കാര്യം ' പിടി കിട്ടും. മാത്രമല്ല മിയാഗെ യുടെ സ്നേഹത്തിന്റെ തീവ്രത പ്ര്ക്ഷകനെ ബോധ്യപ്പെടുത്താന്‍ ഉള്ള ഒരു റഫറന്‍സ് ആയിട്ടാണ് മറ്റൊരു വിധവ യായ റീമയുടെ കഥാപാത്രത്തെ സിനിമയില്‍ ട്രീറ്റ് ചെയ്തിരിക്കുന്നത്. അതിനു വേണ്ടി തന്നെയാവാം വിധവയായിട്ടും ആ കഥാപാത്രത്തെ തലമുടി വടിക്കാതെ നില നിര്‍ത്തിയതും. കൃത്യവും സത്യസന്ധവുമായ ഒരു കഥാതന്തു ഇല്ലാതെ പോകുമ്പോള്‍ ഒരു കാര്യം പ്രേക്ഷകനെ ബോധ്യപ്പെടുത്താന്‍ ഒരു പാട് ഷോട്ടുകള്‍ ഉപയോഗിക്കേണ്ടി വരും. അത്തരം ഒരു അവസ്ഥ തന്നെയല്ലേ ഇത് എന്ന് തോന്നിപ്പോകുന്നു.

ദീപ മേത്തയുടെ വാട്ടര്‍ എന്ന സിനിമ വൈധവ്യം അനുഭവിക്കുന്ന ഭൌതികവും ആത്മീയവുമായ സംഘര്‍ഷങ്ങളെ കൃത്യമായി അവതരിപ്പിച്ചെങ്കില്‍ ഇത്തരം ഒരു കാഴ്ചപ്പാടിന് തികച്ചും വിരുദ്ധമായ ഒരു പിന്തിരിപ്പന്‍ കാഴ്ചപ്പാടാണ് അപര്‍ണ്ണയുടെ സിനിമ മുന്നോട്ടു വെക്കുന്നത്. കഥാപാത്രങ്ങള്‍ പലപ്പോഴും പരസ്പരം ലിങ്ക് ചെയ്യപ്പെടാതെ പോകുന്നുമുണ്ട്. അവരുടെ മറ്റു സിനിമകളുമായി താരതമ്യം ചെയ്യുമ്പോള്‍ മനസ്സില്‍ തട്ടുന്ന ഒരു ഷോട്ട് പോലും ഈ സിനിമയില്‍ ഇല്ല താനും.

പ്രകൃതിയുടെ രൌദ്ര ഭാവത്തെ കഥാ പശ്ചാത്തലവുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആ ശ്രമം പോലും വെറും അനുകരണമായി മാറുന്നു. സ്നേഹ്മോയ് യുടെ മരണം പഥേര്‍ പാഞ്ചാലിയിലെ ദുര്‍ഗ്ഗയുടെ അന്ത്യ നിമിഷങ്ങളെ അത് പോലെ എടുത്തു വെച്ചതായി. ചില ഷോട്ടുകളൊക്കെ കിം കി ഡുക്ക്‌ ന്റെ 'സ്പിംഗ് സമ്മര്‍ ... എന്ന ചലച്ചിത്രത്തെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു; യാദൃശ്ചികമായെക്കാം എങ്കിലും.

36 ചൌരംഗീ ലൈന്‍, മിസ്ടര്‍ ആന്‍ഡ്‌ മിസ്സിസ് അയ്യര്‍, 15 പാര്‍ക്ക് അവന്യു എന്നീ സിനിമകള്‍ പിന്നിട്ടു ജപ്പാനീസ് വൈഫില്‍ എത്തുമ്പോള്‍, അപര്‍ണ്ണയുടെ സിനിമ ശുഷ്ക ഭാവനയുടെ ശേഷിപ്പാകുന്നു. മാത്രമല്ല കാലത്തിന്റെ ഒഴുക്ക് തലമുറകളില്‍ സൃഷ്ടിക്കുന്ന അവബോധത്താല്‍ അതിജീവിക്കെണ്ടാതായ ജീര്‍ണ്ണിച്ച ചില പഴഞ്ചന്‍ ആചാരങ്ങളെ ഉദാത്തവല്‍ക്കരിക്കാനും ഒരു 'സാംസ്കാരിക സത്വമായി ' അവതരിപ്പിക്കാനും ശ്രമിക്കുന്നു.

അപര്‍ണ്ണ സെന്‍ എന്ന ചലച്ചിത്രകാരിയുടെ അഭ്രഭാവനയുടെ റീലുകള്‍ പിറകോട്ടു തിരിഞ്ഞു തുടങ്ങിയോ..?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ