2013 ജനുവരി 22, ചൊവ്വാഴ്ച

വിഷകന്യക


വിഷകന്യക.

“ എനിക്ക് പ്രിയമാണു നിന്നെ
എനിക്കു ഭയമാണുനിന്നെ”

എനിക്കു ഞാനാവാന്‍ ഉരുക്കില്‍ തീര്‍ത്തൊരാ
വിലക്കുകണ്ണികള്‍ അറുത്തുമാറ്റണം.

തിരകളില്‍ കനലെറിയും സൂര്യനെ
വടുക്കള്‍ വീണൊരാ കടലു കൊല്ലും പോല്‍
ജ്വലിക്കുമോര്‍മ്മകള്‍ ചുവപ്പു ചാര്‍ത്തിയ
രുധിരഭൂപടം കരിച്ചുമൂടണം.

ഒരുഷ്ണസര്‍പ്പമായ് വിഷം പകര്‍ന്നൊരാ-
മഷിനീലപ്പടം പൊഴിച്ചു പിന്നെയും
ഫണം വിടര്‍ത്തി നിന്‍ ത്രസിക്കുമോര്‍മ്മതന്‍  -
മകുടി നാദത്തോടിഴ ചേര്‍ന്നാടണം.

വെളിച്ചനാരുകള്‍ നുഴഞ്ഞിറങ്ങാത്ത
മണല്‍ പുറ്റിന്നുള്ളില്‍ തമസ്സിന്നാഴത്തില്‍
വഴുക്കും നിന്നുടെ ഉരഗവിഗ്രഹ -
ച്ചുഴികളില്‍ ചൂഴ്ന്നു ചുരുണ്ടുറങ്ങണം.

ഗ്രഹണമൂകത നനച്ച നിന്നുടെ
മിഴികളില്‍ പ്പൊട്ടുമണുസ്ഫുലിംഗമായ്
വിരുദ്ധ ഘര്‍ഷണ തലങ്ങളിലഗ്നി
പകര്‍ന്നു പിന്നെയും എരിഞ്ഞുതീരണം.

മദിച്ച സന്ധികള്‍ അഴിച്ചു വീഴ്ത്തിയ
മടുപ്പിന്നാടകളെടുത്തണയുവാന്‍
ഇഴയും കൈകളെ ചുഴറ്റി പിന്നെയും
രതിക്കയത്തിലേക്കമര്‍ന്നു താഴണം.


“എനിക്കു പ്രിയമാണു നിന്നെ,
എനിക്കു ഭയമാണു നിന്നെ “

ഹിമം പൊടിഞ്ഞ നിന്നശാന്തതാഴ്വര-
ത്തടങ്ങളില്‍ നഖവരകള്‍  വീഴവേ,
അസുരഭാവങ്ങള്‍ പെരുക്കും നെഞ്ചിലെ
കിതപ്പിന്‍ താളത്തില്‍ വിരല്‍  കൊരുക്കവേ
നിഴലിന്നാഴത്താലളന്നു, രാത്രിതന്‍ -
കഴുകന്‍ കാവലില്‍ സ്വയം മറയവേ,
ഒരു കനല്‍പ്പൊരി ഹൃദയവല്‍ക്കങ്ങള്‍
പിളര്‍ന്നു പൊങ്ങുന്നു പുലരി പൂക്കുന്നു.

“ ഞാന്‍ മറക്കാന്‍ ശ്രമിക്കുകയാണ്...”

വിഷം നിറഞ്ഞ നിന്നകഗ്രന്ഥികളില്‍
ശലഭജന്മമായ് പറന്നണഞ്ഞതും,
കളങ്ങള്‍ മായ്ച്ച നിന്‍ മുടിത്തലപ്പിലെ
മെഴുക്കുചായങ്ങള്‍ പകുത്തെടുത്തതും,
കരിന്തിരിപ്പുകച്ചുരുളിനൊപ്പം നിന്ന-
ഗമ്യസംക്രമത്തമസ്സിലാര്‍ത്തതും,
പുഴ നിറച്ചുകൊണ്ടൊടുക്കമാ മഴ -
ത്തഴമ്പിന്‍ താളങ്ങള്‍ ദ്രുതം വളര്‍ന്നതും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ