2012 മേയ് 31, വ്യാഴാഴ്‌ച

നാലു കവിതകള്‍ .


നാലു കവിതകള്‍

1
നിന്നെയും എന്നെയും
പരസ്പരം ബന്ധിപ്പിച്ചിരുന്നത്
'നമ്മള്ജീവിച്ചിരിക്കുന്നു' എന്ന നേരു മാത്രം.
ഇന്നലെ,
രണ്ടാമത്തെ നേരും പിറന്നപ്പോള്
നമ്മള്അന്യരായി.

2
തന്റെ നിയോഗമോര്ത്തു സങ്കടപ്പെടവേ,
മണ്വെട്ടി തുഴയോടു പറഞ്ഞു:
' ആഴിയില്നീ തീര്ക്കുന്ന മുറിവുകള്
അപ്പപ്പോള്മാഞ്ഞു പോകുന്നു; എന്നാല്ഞാന്...'
കഥ കേട്ട ദയാലുവായ കടല്
അങ്ങനെ കരയെ പുണര്ന്നു.

3
കറുപ്പ് മാറിക്കിട്ടാന്
കുളിച്ചു കൊണ്ടിരുന്ന കാക്കയോടു
തലമുറയിലെ അവസാന കണ്ണിയായ
ചെമ്പോത്ത് വേദാന്തം പറഞ്ഞു:
'വിഡ്ഢീ, നിനക്ക് അന്നമായി
ബലിച്ചോറെങ്കിലും ബാക്കിയുണ്ടാവും.'

4
ചോര വറ്റിയ പൂവും പൂടയുമായി
പോരില്തോറ്റ കോഴി
വാക്കത്തി രാകുന്ന പാണ്ടിയെ നോക്കി
തല കുനിച്ചു നിന്നു.
തുടര്ന്നു പോന്ന ജയങ്ങള്ക്കൊടുക്കം
തോല്വിയും മോചനമാകുന്നില്ലെന്ന
തിരിച്ചറിവില്, കോഴി
ആത്മഹത്യ ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ