2015 നവംബർ 13, വെള്ളിയാഴ്‌ച

ചപ്പാത്തി ഒരു ചിന്താവിഷയം ആണ്


ചപ്പാത്തി ഒരു ചിന്താവിഷയം ആണ്
---------------------------------------------------------


ചപ്പാത്തി ഒരു ആലോചനാ വിഷയം ആവുന്നത് ഇന്നലെയാണ്. എത്ര കരുതലോടെ പരത്തിയിട്ടും കൃത്യമായ ഒരു വൃത്താകാരം പ്രാപിക്കുന്നില്ല. അടുക്കള മേശയില്‍ വീണിതല്ലോ കിടക്കുന്നു ധരണിയില്‍ എന്ന മട്ടില്‍ നാലോളം അമീബകള്‍. മറ്റു അടുക്കള വേലകളും പാചകവും ഒക്കെ അത്യാവശ്യം വശമുണ്ടെങ്കിലും ചപ്പാത്തി ഉണ്ടാക്കുവാന്‍ ഇതുവരെ ശ്രമിച്ചിരുന്നില്ല. പലതരം കറികളുടെ രുചി വൈവിധ്യങ്ങളില്‍ ഭ്രമിച്ചു പോയത് കൊണ്ടാവാം, കറിയുമായ്‌ കൂട്ടി കഴിക്കുമ്പോള്‍ മാത്രം രുചി തോന്നുന്ന, സ്വന്തമായി ഒരു അസ്തിത്വവും ഇല്ലാത്ത ഒന്നായേ അതിനെ പരിഗണിച്ചിരുന്നുള്ളൂ. ഏതായാലും സത്വ സംഘര്‍ഷങ്ങളില്‍ നിന്നും ചപ്പാത്തിയെ മോചിപ്പിക്കാന്‍ ഉള്ള ഈ ശ്രമത്തിനു പിന്നില്‍ മറ്റൊരു കാരണം കൂടി ഉണ്ട്. സൌരയൂഥത്തിലെ വ്യാഴത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് കുബൂസ് എന്നെ ഭ്രമണം ചെയ്യാന്‍ തുടങ്ങിയിട്ട് ഒരു വ്യാഴവട്ടം പിന്നിടുന്നു.
അങ്ങിനെയാണ് ഒരു കിലോ ആട്ട മേടിച്ചു സ്വന്തമായി ചപ്പാത്തി ഉണ്ടാക്കാന്‍ തീരുമാനിച്ചത്. റൂം വാടകക്ക് എടുത്തപ്പോള്‍ പൂര്‍വവാസിയായിരുന്ന ദില്ലിവാല ഉപേക്ഷിച്ചു പോയ ചപ്പാത്തിക്കോല്‍ അതിനൊരു പ്രചോദനം ആവുകയും ചെയ്തു. മൂന്നാമത്തെ ശ്രമത്തിലും ചപ്പാത്തിയുടെ രൂപം ഒരു ഖയോസ്ആയി തുടര്‍ന്നപ്പോള്‍ എന്ജിനീയറിംഗ് ഡ്രോയിംഗ് പഠിച്ച എന്നോട് എനിക്ക് തന്നെ പുച്ഛം തോന്നി. പക്ഷെ, കാര്യങ്ങള്‍ അങ്ങിനെ വിട്ടുകൊടുക്കന്നതെങ്ങിനെ..? ഇക്കാര്യത്തില്‍ ഒരു ശാസ്ത്രീയ വിശകലനംതന്നെ നടത്തി, ചില നിഗമനങ്ങളില്‍ എത്തി:
ചപ്പാത്തി പരത്താന്‍ തുടങ്ങുമ്പോള്‍, ആവശ്യമായ ഫോഴ്സ് യൂനിഫോം ആയി, എല്ലാ ദിശയിലും തുല്യമായി വിതരണം ചെയ്യപ്പെടണം. അല്പം പറന്നു കഴിഞാല്‍ കേന്ദ്ര ഭാഗത്ത്‌ നിന്നും വശങ്ങളിലേക്ക് എന്ന ക്രമത്തില്‍ വേണം ബലം പ്രയോഗിക്കാന്‍. ചപ്പാത്തിയും, പരത്തുന്ന പ്രതലവും തമ്മിലുള്ള ഘര്‍ഷണ ബലം പരമാവധി കുറയ്ക്കുവാന്‍ ലൂബ്രിക്കന്റ് ആയി ചപ്പാത്തി പൊടി തന്നെ നന്നായി ഉപയോഗിക്കുക.
വെള്ളവും ആട്ടപ്പൊടിയും തമ്മിലുള്ള അനുപാതം ഒരു പ്രധാന ഘടകം ആണ്. കുഴച്ച മാവ് നല്ല പാകത്തിന് വിസ്കസ് ആന്‍ഡ്‌ ഇലാസ്ടിക് ആയിരിക്കണം. ട്രയല്‍ ആന്‍ഡ്‌ എറര്‍ രീതിയില്‍ ഈ എക്സ്പിരിമെന്റ് ആദ്യം ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ ചപ്പാത്തിയുടെ എണ്ണം നിങ്ങള്‍ വിചാരിച്ചതിനേക്കാള്‍ കൂടുതല്‍ ആവാന്‍ സാധ്യത ഉണ്ട്. വെള്ളം കൂടുമ്പോള്‍ അല്പം പൊടി, പൊടി അധികമായാല്‍ വീണ്ടും അല്പം വെള്ളം...അങ്ങിനെ നീണ്ടു പോയേക്കാം ഈ പ്രോസസ്. സോ, ബി കെയര്‍ഫുള്‍.
പരത്തി തുടങ്ങുമ്പോള്‍ നിങ്ങളുടെ സ്കൂള്‍ കാലഘട്ടം ഓര്മ്മിക്കുക. പരത്തുന്ന പ്രതലം അഞ്ചാം ക്ലാസിലെ ഇരുനൂറു പേജ് വരയില്ലാത്ത കണക്ക് നോട്ടുബുക്ക് ആണെന്നും ചപ്പാത്തി കോല്‍ കോമ്പസ് ആണെന്നും മനസ്സില്‍ കരുതുക. എന്നിട്ട് ആദ്യമായി വൃത്തം വരയ്ക്കുന്ന അതേ ശ്രദ്ധയോടും സൂക്ഷ്മതയോടും കൂടി പരത്തി തുടങ്ങുക.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായി ഞാന്‍ ചപ്പാത്തി സാമാന്യം നന്നായി പരത്താന്‍ പഠിച്ചു കഴിഞ്ഞപ്പോള്‍ ആണ്, ശാസ്ത്രീയ വിശകലനത്തിനപ്പുറം ചപ്പാത്തിയെ കുറിച്ച് അല്പം ദാര്‍ശനികമായി ചിന്തിച്ചു തുടങ്ങിയത്. ( മറ്റു കാര്യങ്ങളെ കുറിച്ചൊക്കെ സോക്രട്ടീസ് മുതല്‍ ഹക്സലി, ഫുക്കോ, നിഷേ, ദറിദാ തുടങ്ങി ഒരുപാട് പേര്‍ ചിന്തിച്ചു കഴിഞ്ഞത് കൊണ്ട് നമുക്ക് ഈ ചപ്പാത്തി ഒക്കെയെ ബാക്കിയുള്ളൂ. ) 
എന്തുകൊണ്ട് ചപ്പാത്തി വൃത്താകൃതിയില്‍ തന്നെ ആവണം..? ചതുരത്തിലോ ത്രികോണ ആകൃതിയിലോ അല്ലെങ്കില്‍ ആകൃതി തന്നെ ഇല്ലാതെ (അമീബ രൂപം) ആയാലോ എന്താണ് കുഴപ്പം..? രുചിയിലോ ആരോഗ്യപരമായോ യാതൊരു വ്യത്യാസമോ കുഴപ്പമോ ഇല്ലെന്നിരിക്കെ ഈ വൃത്താകൃതി തന്നെ വേണം എന്ന നിര്‍ബന്ധം എന്തിനാണ്. ലോകത്തുള്ള കോടി കണക്കിന് മനുഷ്യര്‍ വ്യത്യസ്തരല്ലേ..? സൂക്ഷ്മ പ്രപഞ്ചം മുതല്‍ സ്ഥൂല പ്രപഞ്ചം വരെ നിറയെ വൈവിധ്യതകള്‍ അല്ലെ..? വൈവിധ്യതകളെ ഇഷ്ടപ്പെടുക എന്നത് ഒരു സ്പീഷീസ് എന്ന നിലയില്‍ തന്നെ മനുഷ്യന്റെ ഒരു നൈസര്‍ഗ്ഗികമായ ജൈവികചോദന അല്ലെ..? ‘ചിന്തിക്കുന്ന മൃഗംആയ മനുഷ്യനു മാത്രം സാധ്യമാവുന്ന ആ കഴിവില്‍ നിന്നല്ലേ, നമ്മള്‍ വ്യത്യസ്തമായ പാര്‍പ്പിടങ്ങളും വസ്ത്രങ്ങളും ഒക്കെ നിര്‍മ്മിച്ചെടുക്കുന്നത്..? അപ്പോള്‍ പിന്നെ വ്യത്യസ്തമായ ഷേപ്പില്‍ പലതരം ചപ്പാത്തികള്‍ ചുടുന്നത് കൊണ്ട് എന്താണ് കുഴപ്പം..? ആരോ, എതോകാലത്ത് നിര്‍വചിച്ചു വെച്ച ഒരു വര്‍ത്തുളപരിധിയില്‍ ചപ്പാത്തിയെ ബന്ധിപ്പിച്ചു നിര്‍ത്തിയത് നമ്മള്‍ അന്ധമായി പിന്തുടരുകയാണ്. ആര്‍ക്കും ഒരു തരത്തിലും ദോഷം സൃഷ്ടിക്കാത്ത തരത്തിലുള്ള മാറ്റങ്ങള്‍ക്ക് പോലും നമ്മള്‍ സന്നദ്ധരാവുന്നില്ല എന്നത്, നിരുപദ്രവകരമായ മാറ്റങ്ങളെ പോലും നമ്മള്‍ ഭയപ്പെടുന്നു എന്നത്, അത്ര ശുഭോതര്‍ക്കമായ ഒരു കാര്യമായി തോന്നുന്നില്ല. പാചകം ഒരു കലയാണെന്ന് പറയുമ്പോഴും അതിലെ സര്‍ഗ്ഗാത്മക സാധ്യതകളെ ഇതുപോലുള്ള നിബന്ധനകളില്‍ തളച്ചിടുകയാണ് നമ്മള്‍ സ്വയം തന്നെ. അതുകൊണ്ട് കൂട്ടുകാരെ, ഇനി മുതല്‍ വ്യത്യസ്തമായ ചപ്പാത്തികള്‍ പരത്തി നിങ്ങള്‍ നിങ്ങളുടെ തീന്‍മേശയിലെ വിപ്ലവത്തിന് തുടക്കമിടുക. സാഹിത്യത്തിലും ചിത്രകലയിലും ഒക്കെ ഇത്തരം നവീന സങ്കേതങ്ങള്‍ കാലികമായി രൂപപ്പെട്ടു വന്നിട്ടുണ്ടല്ലോ. അപ്പോള്‍ പിന്നെ പാചകം എന്ന കലാരൂപത്തിലും അത്തരം മാറ്റങ്ങള്‍ പ്രയോഗവല്‍ക്കരിക്കപ്പെടെണ്ടതുണ്ട്. ഏഴു നിറങ്ങളാണ് മഴവില്ലിനെ മനോഹരമാക്കുന്നതെങ്കില്‍, ഏഴു സ്വരങ്ങളാണ് സംഗീതത്തെ ശ്രാവ്യസുന്ദരമാക്കുന്നതെങ്കില്‍ ഏഴു രൂപത്തില്‍ പരത്തിയെടുത്ത ചപ്പാത്തികള്‍ ആവട്ടെ നിങ്ങളുടെ തീന്‍മേശയെ അലങ്കരിക്കുന്നത്. 

( വാല്‍:-ശാസ്ത്രീയ ചപ്പാത്തി ആവട്ടെ, ദാര്‍ശനിക ചപ്പാത്തി ആവട്ടെ ഒരു കാര്യം കോമണ്‍ ആണ്. പൊടി കുഴക്കുമ്പോള്‍ വെള്ളത്തില്‍ ഉപ്പ് ചേര്‍ക്കാന്‍ മറക്കരുത്. മാറ്റം ഇല്ലാത്തതായി മാറ്റം മാത്രമേ ഉള്ളൂ എന്ന് മാര്‍ക്സ്. മാറ്റം ഇല്ലാത്തതായി ഉപ്പും കൂടി ഉണ്ട് എന്ന് ഞാന്‍) 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ