2015 നവംബർ 13, വെള്ളിയാഴ്‌ച

സെക്യൂരിറ്റി

·  സെക്യൂരിറ്റി. 
----------------------

കഴിഞ്ഞ ഒന്നോ രണ്ടോ ദശകതിനുള്ളിലാണ് കേരളത്തിൽ 'സെക്യൂരിറ്റി' എന്ന പേരിൽ ഒരു പുതിയ തൊഴിൽ വിഭാഗം രൂപപ്പെട്ടത് എന്ന് തോന്നുന്നു. ഇന്ന് എല്ലായിടത്തും ഇവരെ കാണാം. ആശുപത്രികളിൽ, സിനിമാ ശാലകളിൽ, വലിയ തുണിക്കടകളിൽ, ഹോട്ടലുകളിൽ തുടങ്ങി കല്യാണവീടുകളിൽ വരെ. സെക്യൂരിറ്റി എന്ന് പൊതുവെ വിളിക്കപ്പെടുമെങ്കിലും ഇവരിൽ പലതരക്കാരെ കാണാം. ചുറുചുറുക്കുള്ള സെക്യൂരിറ്റിയെ കാണണമെങ്കിൽ കോർപ്പറേറ്റ് ബാങ്കിന്റെ ശാഖയിൽ പോയാൽ മതി, അല്ലെങ്കിൽ വലിയ മാളിക പോലെ കാണപ്പെടുന്ന ജ്വല്ലറികളിൽ. ഹൈവേകളുടെ വശങ്ങളിൽ ഉള്ള ഇടത്തരം ഭക്ഷണ ശാലകളിൽ നിന്നും നിങ്ങളെ ഉച്ചവെയിലിൽ മാടി വിളിക്കുന്നത് ദാരിദ്ര്യവും വാര്ധക്യവും ബാധിച്ച സെക്യൂരിറ്റി ആവാം.

വിഷയം അതല്ല, 'സെക്യൂരിറ്റി ജ്വരം ' നമ്മുടെ പൊതുവിദ്യാലയങ്ങലെയും ബാധിച്ചിരിക്കുന്നു എന്ന് മനസിലായത് ഇപ്പോഴാണ്. ഇക്കഴിഞ്ഞ മാസം ഞാൻ പഠിച്ച കലാലയത്തിനു സമീപമുള്ള ഒരു ഗേൾസ് ഹൈസ്ക്കൂളിന് മുന്പിലൂടെ പോകുമ്പോൾ സന്തോഷ് കാണിച്ചു തന്നു. വൈകീട്ട് മൂന്നു മണി ആയിക്കാണും. സ്കൂളിന്റെ ഗേറ്റ് അടച്ചുപൂട്ടിയിരിക്കുന്നു. അകത്ത് ഒരു സെക്യൂരിറ്റി കാവൽ. പുറത്ത്, ഗേറ്റിനു മുൻപിൽ കുറെ രക്ഷിതാക്കൾ 'ശ്രീകോവിൽ ' തുറക്കുന്നതും കാത്തിരിക്കുന്നു. ആ കാഴ്ചയിൽ പെട്ടെന്ന് ഓർമ്മകൾ പാഞ്ഞത് ഭൂതകാലത്തിലെക്കാണ്. തൊണ്ണൂറുകളിൽ, പഠിക്കുന്ന കാലത്ത് എത്രയോ പ്രാവശ്യം 'അങ്കവും കാണാം താളിയും ഒടിക്കാം ' എന്ന മട്ടിൽ ആ ഗേൾസ് ഹൈസ്ക്കൂളിൽ നടക്കാറുള്ള ബാസ്കറ്റ് ബാൾ മത്സരങ്ങൾ കാണാൻ കൂട്ടുകാരോടൊപ്പം പോയത്. അയൽ കോളേജ് വാസികളും കൗമാരക്കാരുമായ ഞങ്ങള്ക്ക് മുൻപിലൊന്നും അന്ന് ഗേറ്റുകൾ ആരും തന്നെ അടച്ചിരുന്നില്ല. അന്നൊന്നും അടയ്ക്കാതിരുന്ന ആ ഗേറ്റുകൾ അടച്ചു പൂട്ടി കാവല്ക്കാരെ നിർത്താൻ മാത്രം എന്ത് അരക്ഷിതാവസ്ഥയാണ് പിന്നിട്ട രണ്ടു ദശകത്തിനുള്ളിൽ കേരളത്തിൽ രൂപപ്പെട്ടത്..?

നിങ്ങളിൽ ആധിപത്യം സ്ഥാപിക്കാനുള്ള ആദ്യ വഴി നിങ്ങളിൽ ഭയം ജനിപ്പിക്കുക എന്നതാണ്. അച്ചടക്കം എന്ന ഓമനപ്പേരിൽ ഇത്തരം ഒരു 'അധികാരം സ്ഥാപിക്കൽ ' ആണ് ഇവിടെയൊക്കെ വളരെ തന്ത്രപരമായി നടപ്പാക്കുന്നത്. വിദ്യാർഥിയുടെ സ്വഭാവഗുണം ഇത്തരം 'അച്ചടക്കം' ആണെന്ന് അവർ ആണയിട്ടു പറയുന്നു. പാഠപുസ്തകം പഠിക്കുക എന്നത് മാത്രമാണ് വിദ്യാർഥിയുടെ ഒരേ ഒരു ഉത്തരവാദിത്വം എന്ന് അവർ നിങ്ങളെ നിരന്തരം ഓര്മ്മിപ്പിക്കുന്നു. വിദ്യാർഥി മൽസരാർഥി കൂടിയാണെന്നും വിദ്യാഭ്യാസം ഒരു മത്സരം ആണെന്നും അവർ വിചാരങ്ങൾ സൃഷ്ടിക്കുന്നു. ക്ലാസ് മുറിക്ക് പുറത്തുള്ള പാഠവും പഠനവും നഷ്ടമായ വിദ്യാർഥിക്ക്, 'അച്ചടക്കം ' എന്ന വാക്കിനു 'അസ്വാതന്ത്ര്യം' എന്നൊരു നാനാർത്ഥം കൂടിയുണ്ടെന്ന അനുഭവപാഠം നഷ്ടമാകുന്നു. ആരും ഭയപ്പെടുതാനില്ലാഞ്ഞിട്ടും ഭയത്തോടെയും എല്ലാത്തിനെയും സംശയ ദൃഷ്ടിയോടെയും നോക്കിക്കാണാൻ അത് വിദ്യാർഥിയെ പ്രേരിപ്പിക്കുന്നു.
പുതിയ ആഗോളവല്കൃത ലോകക്രമത്തിൽ വാക്കുകൾക്ക് ഇത്തരത്തിൽ 'മെറ്റമോർഫോസിസ്' സംഭവിക്കുന്നത് കാണാം. പുതിയ സംസ്കാരം ഭാഷയെയും വാക്കുകളെയും എല്ലാം അതിന്റെ രീതികൾക്കനുസരിച്ച് പരുവപ്പെടുതിയെടുക്കുന്നു. അതിൽ ശരിയും തെറ്റും കാണാം. പക്ഷെ, ചില പ്രത്യേക പദാവലികളിൽ മാത്രം അവരുടെ ഉളിയും ചുറ്റികയും പതിയുമ്പോൾ അത് തിരിച്ചറിയപ്പെടെണ്ടതുണ്ട്. 'സ്കൂളിനു പുറത്ത് ഉന്തുവണ്ടിക്കാരൻ വില്ക്കുന്ന ഉപ്പിലിട്ട നെല്ലിക്ക വാങ്ങി കഴിക്കരുത്, അത് രോഗം ഉണ്ടാക്കും' എന്ന നിർദ്ദേശത്തിനു പിന്നിലുള്ള രാഷ്ട്രീയ ദുരുദ്ദേശത്തെ ശുചിത്വം , ആരോഗ്യം എന്നീ വാക്കുകൾ കൊണ്ട് അവർ മൂടിക്കളയുന്നു. ഫലം ഭാഷയുടെ രാഷ്ട്രീയവും ജൈവികതയും വിദ്യാർഥികൾ അറിയാതെ പോകുന്നു. ഭാഷ നഷ്ടപ്പെട്ടവൻ നിരായുധനാനെന്നു നിങ്ങൾക്കരിയില്ലെങ്കിലും അവർക്ക് നന്നായറിയാം.

വിദ്യാലയങ്ങളിൽ സമരം പാടില്ല എന്ന് വണ്ണം (മാത്രം) വെച്ച വിപ്ലവപാർട്ടി നേതാക്കൾ തന്നെ പറയുന്ന കാലം കൂടിയാണ്. ഉയർന്ന മതിലിനും താഴിട്ടു പൂട്ടിയ ഗേറ്റിനും അകത്ത് ഒരു വിദ്യാലയമോ കലാലയമോ ഉണ്ടെന്നു പുറംലോകം അറിയരുത്. അതിനകത്തിരുന്നു അധ്യാപകർ ബഷീറിന്റെ 'മതിലുകൾ' പഠിപ്പിക്കട്ടെ. വിദ്യാർഥികൾ അത് പഠിച്ച് എ പ്ലസ് വാങ്ങിക്കട്ടെ.

വിദ്യാലയങ്ങൾ അടച്ചിട്ടു പഠിപ്പിക്കുന്ന ഒരു കാലത്തിൽ, നിങ്ങൾ വിപ്ലവത്തെ കുറിച്ച് ചിന്തിക്കുന്നുവെങ്കിൽ ആദ്യം തകർക്കേണ്ടത് ഈ വിദ്യാലയങ്ങളെ ആണ്.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ