ജസ്റ്റ് അനദര്‍
ലവ് സ്റ്റോറി
'ജസ്റ്റ് അനദര്‍ ലവ് സ്റ്റോറി'
(ബംഗാളി -ഇംഗ്ലീഷ് ) അതിന്റെ പ്രമേയ പരമായ സവിശേഷത കൊണ്ട് തന്നെ ഏറെ ശ്രദ്ധേയമാണ്. സിനിമയുടെ പേര് ഒരു പക്ഷെ സിനിമയുടെ ആഴം ഉള്ക്കൊല്ലുന്നില്ലേ എന്ന് തോന്നിപ്പോയി. കാരണം കണ്ടു കഴിഞ്ഞപ്പോള്‍ ഇത് 'വെറുമൊരു പ്രണയ കഥയായി'
മാത്രമല്ല അനുഭവപ്പെട്ടത്.
'ഇന്ത്യന്‍ നവതരംഗ സിനിമയുടെ കേന്ദ്രം'
എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന,
പ്രഗല്ഭരായ രണ്ടു സംവിധായകരുടെ കോമ്പിനേഷന് - കൌശിക് ഗാംഗുലിയും ഋതുപര്ണ്ണ ഘോഷും - വിഷയത്തിലും ആവിഷ്കാര രീതിയിലും പരമാവധി സത്യസന്ധത പുലര്ത്തി.
ഒരു ഗേ ആയ ചാപല്‍ ബാദുരി , നാട്ടില്‍ പകര്‍ച്ച വ്യാധികള്‍ വരുമ്പോള്‍ കെട്ടുന്ന ഒരു സ്ത്രീ വേഷത്തിന്റെ ദൃശ്യതോട് കൂടിയാണ് സിനിമ ആരംഭിക്കുന്നത്. കുടുംബത്താലും സമൂഹത്താലും അകറ്റപ്പെട്ടു ഏകാന്ത ജീവിതം നയിക്കുന്ന ചാപ്പലിനെ കുറിച്ച് ഒരു ഡോക്യുമെന്റ്രി ചിത്രീകരിക്കാന്‍ കല്‍ക്കത്തയില്‍ എത്തുന്ന അഭിരൂപ് , അയാളുടെ ക്യാമറ മാന്‍ ബസു .
ഒരു ഗേ ആയ അഭിയും ബൈസെക്സ്വലും വിവാഹിതനുമായ ബസുവും തമ്മിലുള്ള പ്രണയം....
ഇങ്ങനെ സങ്കീര്ണ്ണമായ കഥാപാത്രങ്ങളും അവര്ക്കിടയിലെ വൈകാരിക ബന്ധങ്ങളും ഒക്കെ സിനിമയെ സംഘര്ഷപൂര്ണ്ണമായ ഒരാഖ്യാന രീതിയിലേക്ക് തള്ളിവിടുന്നുണ്ട്. സിനിമ കണ്ടിറങ്ങുമ്പോള് ഈ സംഘര്‍ഷങ്ങള്‍ പ്രേക്ഷകനെയും പിന്തുടരുന്നുണ്ട്. കാരണം ഈ സംഘര്ഷങ്ങളൊക്കെ തന്നെ സമൂഹത്തില്‍ നിലനില്‍ക്കുകയോ വ്യക്തികളാല്‍ അഭിമുഖീകരിക്കപ്പെടുകയോ ഒക്കെ ചെയ്യുന്ന ഒന്നാണ്.
ക്യാമറക്ക് മുന്പില് ചാപ്പല്‍ തന്റെ പ്രണയ കഥ പറഞ്ഞു തുടങ്ങവേ ദൃശ്യങ്ങള്‍ അല്പം മങ്ങിയ പശ്ചാത്തലത്തില്‍ ഫ്ലാഷ് ബാക്കിലേക്ക് പ്രേക്ഷകനെ കൊണ്ട് പോകുന്നു. ഒരു വധുവിന്റെ പരമ്പരാഗത വേഷത്തില്‍ ഉള്ള ചാപ്പല്‍ ആയി സംവിധായകന് തന്നെയായ അഭിരൂപിനെയും ചാപ്പലിന്റെ കാമുകനായി ക്യാമറാമാന് ബാസുവിനെയുമാണ് കാണുക. കാമുകിയും പിന്നീട് മറ്റൊരാളുടെ വീട്ടുജോലിക്കാരിയും ഒക്കെയായുള്ള ചാപ്പലിന്റെ ഭൂതകാല ജീവിതത്തെ മുഴുവന്‍ അവതരിപ്പിക്കുന്നത് അഭിരൂപിലൂടെ തന്നെ. സത്യത്തില്‍ അഭിരൂപ് സ്വയം അനുഭവിക്കുന്ന സംഘര്ഷത്തിലൂടെ (ആദ്യത്തെ ക്ലാപ്പ് അടിക്കുന്ന ദൃശ്യത്തില്‍ തന്നെ ഈ ആത്മസംഘര്ഷം വ്യക്തമാക്കപ്പെടുന്നുണ്ട്) ഇന്നും സാമൂഹികമായ ഇടമോ അസ്ഥിത്വമോ അമ്ഗീകരിക്കപ്പെട്ടിട്ടില്ലാത്ത ഒരു 'തേര്ഡ് ജന്ഡറിന്റെ'
സംഘര്ഷം തന്നെയാണ് പങ്കുവേക്കപ്പെടുന്നത്.
ചാപ്പലില്‍ നിന്നും വ്യത്യസ്തമായി അഭിരൂപ് -അയാള് പുതിയ കാലത്തില്‍ ജീവിക്കുന്നത് കൊണ്ട് കൂടിയാവാം- സമൂഹത്തിനു മുന്പില് തന്റെ ജന്‍ഡര്‍ ഐടന്റിടി ശക്തമായി സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഒരാള്‍ ആണ്. നടപ്പിലും വേഷത്തിലും ഒക്കെ പുലര്ത്തുന്ന വൈവിധ്യത,
ഇന്റര്വ്യൂ ചെയാന്‍ വരുന്ന പത്രപ്രവര്ത്തകനെ വിറപ്പിച്ചു വിടുന്നത്,
തന്റെ കാമുകനോട് തന്നെ പലപ്പോഴും രൂക്ഷമായ തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്നത് ഇങ്ങനെ കുറെ ദൃശ്യങ്ങളിലൂടെ ക്യാരക്ടരിന്റെ കരുത്ത് ബോധ്യപ്പെടുന്നുണ്ട്. പലപ്പോഴും അഭിരൂപിന്റെ ചില പൊതു ഇടപെടലുകളെ തടസ്സപ്പെടുത്തുന്നത് അയാളുടെ കാമുകന് അടക്കമുള്ള സഹപ്രവര്‍ത്തകര്‍ തന്നെയാണ്. അതെ സമയം തന്നെ വ്യക്തിപരമായ എല്ലാ വൈകാരിക സംഘര്ഷങ്ങളും അഭിരൂപ് അനുഭവിക്കുന്നുമുണ്ട് . ബസുവുമായുള്ള പ്രണയത്തില് -അത് അത്രമേല്‍ സത്യസന്ധമായിട്ടു പോലും- അഭിരൂപിനു ഇപ്പോഴും ഒരു അരക്ഷിത ബോധം ഫീല്‍ ചെയ്യുന്നുണ്ട്. അഭിരൂപിന്റെ അമ്മയോടുള്ള ടെലിഫോണ്‍ ഭാഷണത്തിലൂടെ ഇത് കൃത്യമായി സംവേദിക്കപ്പെടുന്നുണ്ട് . മറ്റുള്ളവരേക്കാള്‍ ആണ് -പെണ് വിഭാഗങ്ങള്‍ക്ക് സമൂഹത്തില്‍ നിലനില്‍ക്കുന്ന മേധാവിത്വവും അത് നല്കുന്ന ആത്മ വിശ്വാസവും പലപ്പോഴും തേര്ഡ് ജന്ഡരിനോടുള്ള 'സിമ്പതി'
ആയി വര്ത്തിക്കുന്നതും സിനിമയില്‍ കാണാം.
ബസുവിന്റെ ഭാര്യ താന്‍ ഗര്‍ഭിണി ആണെന്ന കാര്യം ബസുവിടോട് വെളിപ്പെടുത്തുന്നത് ബോധപൂര്വം അഭിരൂപിന്റെ മുന്പില് വെച്ചാണ്. ബസു തന്റെ ജനിക്കാന്‍ പോകുന്ന കുഞ്ഞിനെ കുറിച്ചെഴുതിയ കുറിപ്പ് അഭിരൂപിനെ വായിച്ചു കേള്പ്പിക്കുന്നതും,
ബസുവിന്റെ ഭാര്യ അഭിരൂപിന്റെ മുറിയില്‍ വെച്ച് അയാളോട് സംസാരിക്കുമ്പോഴും ഒക്കെ ഇവരുടെയുള്ളില്‍ എവിടെയോ ഉള്ള ഒരു 'ഉത്കൃഷ്ട ബോധത്തിന്റെ'തായ 'മേധാവിത്വ മനശാസ്ത്രം ' ബോധപൂര്വമോ അല്ലാതെയോ പ്രവര്ത്തിക്കുന്നുണ്ട്. അഭിരൂപ് ഇതിനെയൊക്കെ വാക്കുകള്‍ കൊണ്ട് തകര്ത്തുകളയുകയും ചെയ്യുന്നുണ്ട്. അപ്പോഴും അയാള്ക്കുള്ളിലെ അയാള് ഇതൊക്കെ വൈകാരികമായി ഏറ്റുവാങ്ങുന്നുമുണ്ട്.
അഭിരൂപിനെ അവതരിപ്പിച്ചത് പ്രശസ്ത ബംഗാളി സംവിധായകന് ഋതുപര്ണ്ണ ഘോഷ് ആണ്. അദ്ദേഹം അത് നന്നായി തന്നെ കൈകാര്യം ചെയ്തു. ചാപ്പല്‍ ബാദുരി ഈ സിനിമയില്‍ ഒരു നടനോ കഥാപാത്രമോ അല്ല. തന്റെ പേരും ജീവിതവും അയാള് സിനിമയില്‍ പങ്കു വെക്കുക തന്നെയാണ്. അത്തരമൊരു വിപ്ലവകാരിയുടെ അഭിനയം വിലയിരുത്താന്‍ ഞാന്‍
ആളല്ല.ആ
പ്രതിഭയ്ക്ക് മുന്പില്, അയാളുടെ ഉയര്ന്ന മാനവിക ബോധത്തിന് മുന്പില് വെറുതെ തല കുനിച്ചു നില്ക്കുകയല്ലാതെ...
സിനിമ കാണുമ്പോള്‍ കടാപാത്രങ്ങളുടെയും അവര്‍ തമ്മിലുള്ള ബന്ധങ്ങളുടെയും സങ്കീര്ണ്ണത കള്‍ക്കിടയില്‍ പ്രേക്ഷകനും പലപ്പോഴും പെട്ടുപോകുന്നുണ്ട്. ഇത് സിനിമ കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ തന്നെ സങ്കീര്ണ്ണതയാവാം. ഗേ, ലസ്ബിയന് , ഹിജഡ,
ഇതൊക്കെ പൊതു സമൂഹത്തില്‍ ഇന്നും 'അശ്ലീലം'
ആണല്ലോ. ഇവര്ക്ക് ഒരുമിച്ചു ജീവിക്കാനുള്ള അവകാശം പോലും ഇന്ത്യയില്‍ നിയമപരമായി അനുവദിച്ചു കിട്ടിയത് ഏതാണ്ട് രണ്ടു വര്ഷം മുന്പുള്ള ദല്ഹി ഹൈക്കോടതി വിധിയോടു കൂടെയാണല്ലോ. ഭരണ ഘടന തന്നെ അനുവദിക്കുന്ന 'ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം' ഇവര്ക്ക് സാമൂഹികമായി സാധ്യമാവാന്‍ നാമുള്‍പ്പെടുന്ന പൊതു സമൂഹത്തിന്റെ മതബോധവും തെറ്റായ സദാചാര സങ്കല്പ്പവും പ്രകൃതി ബോധവും ഒക്കെ കാരണങ്ങളാണ്. ഒരു ജനഡര് ഗ്രൂപ്പ് എന്ന നിലയില്‍ തങ്ങളുടെ അസ്ഥിത്വം അമ്ഗീകരിക്കപ്പെടാനും മറ്റെല്ലാവരെയും പോലെ വിദ്യാഭ്യാസം നേടാനും ജോലി ചെയ്യാനും വിവാഹം കഴിച്ചു ജീവിക്കാനും ഒക്കെ അവര്‍ നടത്തുന്ന പോരാട്ടങ്ങള്ക്കും പരിശ്രമങ്ങള്ക്കും ഊര്ജം നല്കുന്നതാണ് കൌശിക് ഗാംഗുലിയുടെ ഈ ചലച്ചിത്രം.