2015, നവംബർ 13, വെള്ളിയാഴ്‌ച

ഫാറൂഖ് കോളേജ്: ഇവിടെ ചോദ്യങ്ങളുണ്ട്


ഫാറൂഖ്കോളേജ്:ഇവിടെചോദ്യങ്ങളുണ്ട്;അവ ഉറക്കെ ചോദിക്കേണ്ടതുമുണ്ട് ( 'അഴിമുഖ'ത്തില്‍ വന്നത് )


താരിഖ് സി.എച്ച്
മലബാറിന്റെ അലിഗഡ്' എന്നു ഫാറൂഖ് കോളേജിനെ പണ്ടവിടെ പഠിച്ചിരുന്ന ഒരു സുഹൃത്ത് വിശേഷിപ്പിച്ചു കേട്ടത് കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. പറഞ്ഞ ആളെയും അയാളുടെ രാഷ്ട്രീയവും അല്ലാത്തതുമായ കാഴ്ചപ്പാടുകളെ കുറിച്ചും വ്യക്തമായ ധാരണ ഉള്ളതുകൊണ്ട് എന്തുകൊണ്ട് അങ്ങനെയൊരു ഒരു വിളി എന്ന് ചോദിച്ചിരുന്നില്ല അന്ന്. ഒരു നൂറ്റാണ്ട് മുന്‍പ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥനായിരുന്ന സയ്ദ് അഹമ്മദ് ഖാന്‍, അന്നത്തെ ഭരണ- രാഷ്ട്രീയ രംഗങ്ങളില്‍ പ്രാതിനിധ്യം ഉറപ്പാക്കേണ്ടതിന്റെയും അതുവഴി സമൂഹത്തിലും രാഷ്ട്രത്തിലും തങ്ങളുടെ ഇടവും സ്വത്വവും സ്ഥാപിച്ചെടുക്കേണ്ടതിന്റെയും ആവശ്യകത തിരിച്ചറിഞ്ഞുകൊണ്ട് അതിനു വേണ്ടി നടത്തിയ ശ്രമത്തിന്റെ ഭാഗമായി സ്ഥാപിച്ച കോളേജാണ് പിന്നീട് അലിഗഡ് സര്‍വകലാശാലയായി മാറിയത്. ആംഗലേയ- ശാസ്ത്ര വിദ്യാഭ്യാസത്തില്‍ അറിവ് ആര്‍ജിച്ചെടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അക്കാലത്ത് ബ്രിട്ടീഷ്‌ സര്‍വകലാശാലകള്‍ ഒക്കെ സന്ദര്‍ശിച്ച അദ്ദേഹത്തിന് നല്ല ബോധ്യമുണ്ടായിരുന്നു. ഇത് ഇവിടെ പറയാന്‍ കാരണം ഫാറൂഖ് കോളേജിനെ ആരെങ്കിലും അലിഗഡിനോട് ഉപമിക്കുമ്പോള്‍, ഒരു നൂറ്റാണ്ട് മുന്‍പ് സര്‍ സയ്യദ് അഹമ്മദ് ഖാന്‍ പുലര്‍ത്തിയിരുന്ന ദീര്‍ഘവീക്ഷണത്തില്‍ നിന്ന് ഇന്നത്തെ ഫാറൂഖ് കോളേജ് അധികാരികള്‍ എവിടെ നില്‍ക്കുന്നു എന്ന ഒരു താരതമ്യത്തിന് വേണ്ടി മാത്രമാണ്.

ഫാറൂഖ് കോളേജിലെ സദാചാര ചിട്ടകളും തീട്ടൂരങ്ങളും ഏതാനും ദിവസം മുന്‍പ് നടന്ന സസ്പന്‍ഷന്‍ / പുറത്താക്കല്‍ സംഭവങ്ങളുമായോ കോളേജിന്റെ സ്വയംഭരണാവകാശലബ്ധിയെ തുടര്‍ന്നോ മാത്രം ആരംഭിച്ചതല്ല. കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥികളോട് സംസാരിച്ചാല്‍ അറിയാം, ഒട്ടേറെ അലിഖിത നിയമങ്ങള്‍ക്കിടയിലാണ് വര്‍ഷങ്ങളായി ഈ കോളേജിലെ സദാചാരംപുലര്‍ന്നു പോന്നത്. മതപശ്ചാത്തലം നോക്കി കുട്ടികള്‍ക്ക് സാരോപദേശം നല്‍കുന്നതു മുതല്‍ കലോത്സവത്തിന് ഒപ്പന അവതരിപ്പിക്കുമ്പോള്‍ അതില്‍ അതില്‍ മുസ്ലീം പെണ്‍കുട്ടികള്‍ ഉണ്ടാവാതിരിക്കാന്‍ കാണിക്കുന്ന ശുഷ്കാന്തി വരെ ഉണ്ട് ഇതില്‍.

പിന്നെ എന്താണ് പുതിയ പ്രശ്നം? കോളേജ് പണ്ടേ ഇങ്ങനെയൊക്കെ തന്നെയായിരുന്നില്ലേ?' ഇതാണ് ഇപ്പോള്‍ ചില കോണുകളില്‍ നിന്ന് ഉയര്‍ന്നു കേള്‍ക്കുന്ന ചോദ്യം. ഉത്തരം ലളിതമാണ്. പണ്ടുള്ളതൊന്നും അതേപടി തുടരേണ്ടതില്ല. തുടരുകയുമില്ല. അതിനായിരുന്നെങ്കില്‍ കോളേജോ വിദ്യാഭ്യാസ സമ്പ്രദായം തന്നെയോ ആവശ്യമുണ്ടായിരുന്നില്ല. അങ്ങനെയായിരുന്നെങ്കില്‍ ലോകത്ത് ചരിത്രമോ ഫാറൂഖ് കോളേജില്‍ ഒരു ചരിത്ര വിഭാഗമോ ഉണ്ടാകുമായിരുന്നില്ല. ചരിത്രവും സാഹിത്യവും സാമൂഹ്യ ശാസ്ത്രവും തത്വശാസ്ത്രവും ഒന്നും പഠിക്കേണ്ടിയും പഠിപ്പിക്കേണ്ടിയും വരുമായിരുന്നില്ല. പഠനം എന്ന വാക്ക് ഉറവയെടുക്കുന്നത് തന്നെ മാറ്റം എന്ന പ്രതിഭാസത്തില്‍ നിന്നാണല്ലോ.

പിന്നെ ആരാണ് മാറ്റങ്ങളെ ഭയക്കുന്നത്?’ അത് കോളേജിനെ നിയന്ത്രിക്കുന്ന മത-യാഥാസ്ഥിതിക- പൌരോഹിത്യ സ്വാധീനമുള്ള ഇന്നത്തെ മാനേജ്മെന്റും അവരുടെ പിണിയാളുകളുമാണ്. അതിനു പിന്നിലെ താല്പര്യങ്ങള്‍ സാമ്പത്തികവും മതപരവും ഒക്കെയാണ്. പൊതുവിദ്യാഭ്യാസം ജാതി മത സാമുദായിക പ്രസ്ഥാനങ്ങള്‍ക്ക് വിട്ടുകൊടുത്ത ചരിത്രപരമായ ഒരു അബദ്ധത്തിന്റെ പരിണതി കൂടിയാണത്. ഒരുവശത്ത് വിദ്യാഭ്യാസ പുരോഗതി കൈവരിക്കുമ്പോഴും മറുവശത്ത് അത് സൃഷ്ടിച്ച സാമൂഹികമായ ചില ധ്രുവീകരണ പ്രവണതകളെ കാണാതിരുന്നുകൂട. മുന്‍കാലത്ത് അത് കുറെയൊക്കെ പ്രച്ഛന്നവും രഹസ്യവുമായിരുന്നെങ്കില്‍ ഇന്നത് കൂടുതല്‍ പ്രത്യക്ഷവും ധിക്കാരപരവും ആയി എന്നേയുള്ളൂ. അത് കേരളവര്‍മ്മ ആയാലും ഫാറൂഖ് കോളേജ് ആയാലും അതെ.

മാനേജ്മെന്റുകളുടെ നിലപാടുകളും സമീപനങ്ങളും എക്കാലത്തും അങ്ങനെയൊക്കെ തന്നെയായിരുന്നു, ആയിരിക്കുകയും ചെയ്യും. അതില്‍ പുതുമയൊന്നുമില്ല. പക്ഷെ, വിദ്യാര്‍ഥികളുടെ, വിദ്യാര്‍ഥി-രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നിലപാടുകള്‍ എന്താണ് / എന്താവണം എന്നതാണ് പ്രസക്തമായ ചോദ്യം. ഫാറൂഖ് കോളജ് വിഷയത്തില്‍ സോഷ്യല്‍ മീഡിയയിലും പുറത്തും ഒക്കെയായി നടന്ന സംവാദങ്ങളും ഇടപെടലുകളും പൊതുവില്‍ പരിശോധിച്ചാല്‍, ചില വിദ്യാര്‍ഥികളും വിദ്യാര്‍ഥി പ്രസ്ഥാനങ്ങളും ഒക്കെയെടുത്ത നിലപാടുകള്‍ വല്ലാത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കോളേജിന്റെ ഇന്റഗ്രിറ്റിനശിപ്പിക്കുവാന്‍ ചില വിദ്യാര്‍ഥി/നികള്‍ ഇല്ലാത്ത സസ്പെന്‍ഷന്‍ പറഞ്ഞു പത്രക്കാര്‍ക്ക് വാര്‍ത്ത നല്‍കി എന്ന വലിയവായിലുള്ള വാദങ്ങള്‍ കണ്ടു.  കുറെ വിദ്യാര്‍ഥികളും സംഘടനകളും ഇത് ഏറ്റുപിടിച്ചു. അടിസ്ഥാനപരമായ പ്രശ്നങ്ങളെ മറന്ന് അവരെ സംബന്ധിച്ചിടത്തോളം വലിയ വിഷയം ഇതായി മാറി; അല്ലെങ്കില്‍ മാറ്റി. തെറ്റായ മാധ്യമ പ്രചാരണത്തിനെതിരെ കോളേജ് ഗേറ്റില്‍ മാനെജ്മെന്റ് ഒത്താശയോടെ ഒരു പ്രതിഷേധവും നടത്തി.

വളരെ തന്ത്രപരമായ ഒരു അട്ടിമറിയാണ് മാനേജ്മെന്റും അവരുടെ ഏറാന്‍മൂളികളായ ചില വിദ്യാര്‍ഥി സംഘടനകളും ചേര്‍ന്ന് ഇവിടെ നടത്തിയത്. വിദ്യാര്‍ഥികള്‍  ഉയര്‍ത്താന്‍ ശ്രമിച്ച വിഷയങ്ങളെ അഭിസംബോധന ചെയ്യാനോ അതിന്റെ മെറിറ്റ്‌ / ഡിമെറിറ്റ്‌ ചര്‍ച്ച ചെയ്യാനോ ശ്രമിക്കാതെ ആ വിഷയങ്ങളില്‍ നിന്നും തന്ത്രപരമായി ശ്രദ്ധ മാറ്റുകയും കോളേജിന്റെ പാരമ്പര്യത്തെയും അന്തസ്സിനേയും പവിത്രത'യും ഒക്കെ ഉയര്‍ത്തിക്കാട്ടി ഒരു തരം തെറ്റായ സ്വത്വാഭിമാനബോധംവിദ്യാര്‍ഥികളില്‍ സൃഷ്ടിച്ചെടുക്കാനാണ് അവര്‍ ശ്രമിച്ചത്. വിദ്യാര്‍ഥികളും  പൂര്‍വവിദ്യാര്‍ഥികളും ഒക്കെയായി നല്ലൊരു വിഭാഗം ഈ കുടിലതയില്‍ അറിഞ്ഞോ അറിയാതെയോ വീണുപോയിട്ടുമുണ്ട്. അതുകൊണ്ട് തന്നെ കോളജിന്റെ തറവാട്ടു മഹിമയില്‍ പുളകം കൊള്ളുന്നവരുടെയും പണ്ട് പഠിച്ചതിന്റെയും ഇപ്പോള്‍ പഠിക്കുന്നതിന്റെയും ഒക്കെ നൊസ്റ്റാള്‍ജിയയിലും ഹാങ്ങോവറിലും  ഒക്കെ അഭിരമിച്ച് വസ്തുതകള്‍ കാണാതെ പോകുന്നവരുടെയും മുന്നില്‍ ചില ചോദ്യങ്ങള്‍ വളരെ കൃത്യമായി തന്നെ ഉന്നയിക്കേണ്ടതുണ്ട്.

1) ആണ്‍ - പെണ്‍കുട്ടികള്‍ ക്ലാസ് മുറിയിലോ ലൈബ്രറിയിലോ ഒരേ ബെഞ്ചില്‍ ഇരിക്കുന്നതില്‍ എന്താണ് തെറ്റ്?

2) ക്യാമ്പസിന്റെ ഭാഗമായ കാന്റീനില്‍ ആണ്‍ - പെണ്‍കുട്ടികള്‍ ഒരുമിച്ചിരുന്നു കാപ്പി കുടിച്ചാല്‍ എന്താണ് കുഴപ്പം?

3) ക്യാംപസിനകത്ത് പൊതു ഇടങ്ങളില്‍ ആണ്‍ - പെണ്‍കുട്ടികള്‍ ഒരുമിച്ച് നടക്കുകയോ ഇരിക്കുകയോ സംസാരിക്കുകയോ ചെയ്യുന്നതില്‍ എന്താണ് പ്രശ്നം?

4) കോളജ് കലോത്സവങ്ങളില്‍ പെര്‍ഫോമിംഗ് ഇനങ്ങളില്‍ ജാതി മത ഭേദമെന്യേ (അടിവരയിടുന്നു) ആണ്‍കുട്ടികളെ പോലെ പെണ്‍കുട്ടികള്‍ക്കും അല്ലെങ്കില്‍ അവര്‍ക്ക് ഒന്നിച്ചും പങ്കെടുക്കുന്നത് കുഴപ്പമാണോ?

5) വൈകീട്ട് ആറു മണിക്ക് ശേഷം പെണ്‍കുട്ടികള്‍ ഹോസ്റ്റലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കുന്നതെന്തിന്?

6) രക്ഷിതാവ് എന്ന നിലയില്‍ അമ്മ വന്നാല്‍ എന്തുകൊണ്ട് പരിഗണിക്കപ്പെടുന്നില്ല?

7) ലേഡീസ് ഹോസ്റ്റലിലെ കുട്ടികള്‍ക്ക് രാത്രി ജനല്‍ തുറക്കുന്നതിനു വരെ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന രീതിയില്‍ ജയില്‍ച്ചിട്ട നടപ്പാക്കുന്നതിന്റെ അടിസ്ഥാനം എന്താണ്?

8) ക്യാമ്പസിലെ പൊതു ഇരിപ്പിടം ആണ്‍കുട്ടികള്‍ക്ക് മാത്രംഎന്ന് ബോര്‍ഡ് വെച്ച് വേര്‍തിരിക്കുന്നതിന്റെ ന്യായമെന്താണ്?

ചോദ്യങ്ങള്‍ ഇത്രമാത്രമായിരിക്കില്ല. ശബ്ദം ഉയര്‍ത്തിയും നിശ്ശബ്ദമായും അവിടെ പഠിച്ചിറങ്ങുകയും പഠിക്കുകയും ചെയ്ത പലര്‍ക്കും ഒരുപാട് ചോദ്യങ്ങള്‍ ഉണ്ടാവാം ഉള്ളില്‍. അത്തരം ചോദ്യങ്ങള്‍ ഒക്കെയും ഉയര്‍ന്നു വരേണ്ടതുണ്ട്. മാന്യവും മഹത്തരവുംഎന്ന് പൊതുസമൂഹം വിചാരിക്കുന്ന കപട സദാചാരത്തിന്റെ എല്ലാ മുഖംമൂടികളും അഴിഞ്ഞു വീഴേണ്ടതുണ്ട്. വെസ്റ്റേണ്‍ സെക്കുലര്‍ സംസ്കാരംനമ്മുടെ പവിത്രതയെ പരിക്കേല്‍പ്പിക്കുന്നു എന്ന് ആശങ്കപ്പെടുന്ന മത-യാഥാസ്ഥിതിക പ്രസ്ഥാനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന മോറല്‍കോഡ് അല്ല നമ്മുടെ പൊതു വിദ്യാലയങ്ങളില്‍ നിലനില്‍ക്കേണ്ടത്. വ്യക്തിയുടെ ചരിത്ര ബോധത്തെയും ശാസ്ത്രബോധത്തെയും രാഷ്ട്രീയ സാംസ്കാരിക- സാമൂഹ്യ ബോധത്തെയും ലിംഗബോധത്തേയും ഒക്കെ നിര്‍ണയിക്കുന്നതില്‍ കലാലയ ജീവിതവും അതിന്റെ പരിസരവും ഒരു അതിപ്രധാന ഘടകമാണ്. ആ പരിസരം ഇത്രമേല്‍ സങ്കുചിതവും ജീര്‍ണ്ണവും ആവാന്‍ പാടില്ല. കഴിക്കുന്ന ഭക്ഷണത്തിനും ധരിക്കുന്ന വസ്ത്രത്തിനുമെല്ലാം വ്യക്തി എന്ന നിലയില്‍ സ്വയം തീരുമാനം എടുക്കാനുള്ള സാധ്യത പോലും നഷ്ടമായിക്കൊണ്ടിരിക്കുന്ന ഓരോ വിദ്യാര്‍ഥി/നിയുടെയും പൌരന്‍/പൌരിയുടെയും പ്രതികരണം അത്രമേല്‍ കൃത്യവും സൂക്ഷ്മവും ആവേണ്ടതുണ്ട്‌. നിങ്ങളുടെ നിലപാടുകളും പ്രതികരണങ്ങളും ഏതെങ്കിലും രീതിയില്‍ മാനേജ്മെന്റിന് അനുകൂലമായി വരുന്നുവെങ്കില്‍ അത് തന്നെയാണ് ഏറ്റവും സൂക്ഷിക്കേണ്ടത്. ക്ലാസില്‍ നിന്നും പുറത്താക്കപ്പെട്ട വിദ്യാര്‍ഥി/നികളുടെ പക്ഷത്താണ് ഞാന്‍ എന്ന് നിങ്ങള്‍ക്ക് ഉറപ്പോടെയും വ്യക്തതയോടെയും പറയാന്‍ കഴിയാത്തിടത്തോളം കാലം നിങ്ങള്‍ നിങ്ങള്‍ക്ക് തന്നെ എതിരാവുകയാണ്. നാളെ, ഒരു പക്ഷെ കലാലയ ജീവിതം ഒക്കെ പിന്നിട്ട് കാലം കുറെ കഴിഞ്ഞാവാം, ഇതിന്റെയൊക്കെ സോഷ്യല്‍ ഇംപാക്റ്റ് നേരിടേണ്ടി വരുന്നത് നിങ്ങള്‍ക്കു തന്നെയാവും. ചരിത്രത്തിലും വര്‍ത്തമാനത്തിലും അതിനു സാക്ഷ്യങ്ങള്‍ ഏറെയുണ്ട്.

അവസാനമായി, ഒന്ന് ചോദിക്കാനുള്ളത് കോളജിലെ ഡിസിപ്ലിന്‍ കമ്മിറ്റിയിലും മറ്റുമായി ഇത്തരം പോലീസിങ്ങിനു നേതൃത്വം നല്‍കുന്ന അവിടുത്തെ ചില അധ്യാപകരോടാണ്. എഴുപത്-എണ്‍പത്-തൊണ്ണൂറുകളിലെ വിദ്യാര്‍ഥി സമൂഹം ആയിരുന്നല്ലോ നിങ്ങളും. ഇന്നത്തേതിനേക്കാള്‍ പരിമിതമായ തോതില്‍ കലാലയങ്ങളും പഠന-അടിസ്ഥാന സൌകര്യങ്ങളും മാത്രമായിരുന്ന അക്കാലത്ത് സര്‍ക്കാര്‍- എയ്ഡഡ് കലാലയങ്ങളില്‍ ഉന്നതപഠനം നേടിയവര്‍. അന്ന്, നിങ്ങളുടെയൊക്കെ പഠനകാലത്ത് ഇത്തരം തീട്ടൂരങ്ങളും വേര്‍തിരിവുകളും ഉണ്ടായിരുന്നോ കലാലയങ്ങളില്‍? ആണും പെണ്ണും ഒരു ബെഞ്ചില്‍ ഇരുന്നാല്‍ പിടിച്ചു പുറത്താക്കുന്ന അധ്യാപകരും പ്രൊഫസര്‍മാരും ആയിരുന്നോ അന്ന്? ആ കലാലയങ്ങളില്‍ നിന്നും അന്നത്തെ അധ്യാപകരില്‍ നിന്നും ഒന്നും പഠിക്കാത്ത ഈ പുതിയ സദാചാരപാഠങ്ങള്‍ ജീവിതത്തിലെ പിന്നീടുള്ള ഘട്ടത്തില്‍, ഏതു ഗുരുക്കന്മാരില്‍ നിന്നാണ് നിങ്ങള്‍ സ്വായത്തമാക്കിയത്? പതിനെട്ടു വയസായ വ്യക്തിക്ക് വോട്ടവകാശം ഉള്ള ഒരു ബഹുസ്വര ജനാധിപത്യ രാജ്യത്തിലെ ബിരുദ വിദ്യാര്‍ഥി/നികളെ  ഒരു വ്യക്തിയായി കാണാനും അവരുടെ സ്വാതന്ത്ര്യത്തെയും വ്യക്തിപരമായ അവകാശങ്ങളെയും മാനിക്കുവാനും അംഗീകരിക്കുവാനും കഴിയാത്ത രീതിയില്‍ നിങ്ങളുടെ മസ്തിഷ്കവും ചിന്തയും കെട്ടുപോയത് എങ്ങനെയാണ്? മാനേജ്മെന്റ് സമിതിയിലെ പുരോഹിതമേലാളന്മാരും സമുദായ പ്രമാണിമാരും  ഓതിത്തരുന്നത് തൊണ്ട തൊടാതെ വിഴുങ്ങി ക്യാമ്പസില്‍ പ്രയോഗിക്കാന്‍ ശ്രമിക്കുമ്പോള്‍, ഒരു തലമുറയോട് നിങ്ങള്‍ ചെയ്യുന്ന വലിയ അനീതിയാണ് അതെന്നറിയുക. വ്യക്തി എന്ന തലത്തില്‍ നിങ്ങള്‍ ആരോ ആകട്ടെ, നിങ്ങളുടെ വിശ്വാസങ്ങളും കാഴ്ചപ്പാടുകളും എന്തോ ആകട്ടെ, നിങ്ങളിലെ അദ്ധ്യാപകന്‍ എങ്ങനെയാണ് രൂപപ്പെട്ടത് എന്നറിയാന്‍ സ്വന്തം ഭൂതകാലം ഒന്ന് ചികഞ്ഞു നോക്കുക. ഒറ്റ വാക്യത്തില്‍ പറഞ്ഞാല്‍, ‘വിദ്യാര്‍ഥി/നികള്‍ മനസ്സില്‍ ഓര്‍ത്തുവെക്കുന്ന ഒരു അദ്ധ്യാപകന്‍ ആവാന്‍ ശ്രമിക്കുക.

(ലേഖകന്‍ സൌദിയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു)

Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions

ചപ്പാത്തി ഒരു ചിന്താവിഷയം ആണ്


ചപ്പാത്തി ഒരു ചിന്താവിഷയം ആണ്
---------------------------------------------------------


ചപ്പാത്തി ഒരു ആലോചനാ വിഷയം ആവുന്നത് ഇന്നലെയാണ്. എത്ര കരുതലോടെ പരത്തിയിട്ടും കൃത്യമായ ഒരു വൃത്താകാരം പ്രാപിക്കുന്നില്ല. അടുക്കള മേശയില്‍ വീണിതല്ലോ കിടക്കുന്നു ധരണിയില്‍ എന്ന മട്ടില്‍ നാലോളം അമീബകള്‍. മറ്റു അടുക്കള വേലകളും പാചകവും ഒക്കെ അത്യാവശ്യം വശമുണ്ടെങ്കിലും ചപ്പാത്തി ഉണ്ടാക്കുവാന്‍ ഇതുവരെ ശ്രമിച്ചിരുന്നില്ല. പലതരം കറികളുടെ രുചി വൈവിധ്യങ്ങളില്‍ ഭ്രമിച്ചു പോയത് കൊണ്ടാവാം, കറിയുമായ്‌ കൂട്ടി കഴിക്കുമ്പോള്‍ മാത്രം രുചി തോന്നുന്ന, സ്വന്തമായി ഒരു അസ്തിത്വവും ഇല്ലാത്ത ഒന്നായേ അതിനെ പരിഗണിച്ചിരുന്നുള്ളൂ. ഏതായാലും സത്വ സംഘര്‍ഷങ്ങളില്‍ നിന്നും ചപ്പാത്തിയെ മോചിപ്പിക്കാന്‍ ഉള്ള ഈ ശ്രമത്തിനു പിന്നില്‍ മറ്റൊരു കാരണം കൂടി ഉണ്ട്. സൌരയൂഥത്തിലെ വ്യാഴത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് കുബൂസ് എന്നെ ഭ്രമണം ചെയ്യാന്‍ തുടങ്ങിയിട്ട് ഒരു വ്യാഴവട്ടം പിന്നിടുന്നു.
അങ്ങിനെയാണ് ഒരു കിലോ ആട്ട മേടിച്ചു സ്വന്തമായി ചപ്പാത്തി ഉണ്ടാക്കാന്‍ തീരുമാനിച്ചത്. റൂം വാടകക്ക് എടുത്തപ്പോള്‍ പൂര്‍വവാസിയായിരുന്ന ദില്ലിവാല ഉപേക്ഷിച്ചു പോയ ചപ്പാത്തിക്കോല്‍ അതിനൊരു പ്രചോദനം ആവുകയും ചെയ്തു. മൂന്നാമത്തെ ശ്രമത്തിലും ചപ്പാത്തിയുടെ രൂപം ഒരു ഖയോസ്ആയി തുടര്‍ന്നപ്പോള്‍ എന്ജിനീയറിംഗ് ഡ്രോയിംഗ് പഠിച്ച എന്നോട് എനിക്ക് തന്നെ പുച്ഛം തോന്നി. പക്ഷെ, കാര്യങ്ങള്‍ അങ്ങിനെ വിട്ടുകൊടുക്കന്നതെങ്ങിനെ..? ഇക്കാര്യത്തില്‍ ഒരു ശാസ്ത്രീയ വിശകലനംതന്നെ നടത്തി, ചില നിഗമനങ്ങളില്‍ എത്തി:
ചപ്പാത്തി പരത്താന്‍ തുടങ്ങുമ്പോള്‍, ആവശ്യമായ ഫോഴ്സ് യൂനിഫോം ആയി, എല്ലാ ദിശയിലും തുല്യമായി വിതരണം ചെയ്യപ്പെടണം. അല്പം പറന്നു കഴിഞാല്‍ കേന്ദ്ര ഭാഗത്ത്‌ നിന്നും വശങ്ങളിലേക്ക് എന്ന ക്രമത്തില്‍ വേണം ബലം പ്രയോഗിക്കാന്‍. ചപ്പാത്തിയും, പരത്തുന്ന പ്രതലവും തമ്മിലുള്ള ഘര്‍ഷണ ബലം പരമാവധി കുറയ്ക്കുവാന്‍ ലൂബ്രിക്കന്റ് ആയി ചപ്പാത്തി പൊടി തന്നെ നന്നായി ഉപയോഗിക്കുക.
വെള്ളവും ആട്ടപ്പൊടിയും തമ്മിലുള്ള അനുപാതം ഒരു പ്രധാന ഘടകം ആണ്. കുഴച്ച മാവ് നല്ല പാകത്തിന് വിസ്കസ് ആന്‍ഡ്‌ ഇലാസ്ടിക് ആയിരിക്കണം. ട്രയല്‍ ആന്‍ഡ്‌ എറര്‍ രീതിയില്‍ ഈ എക്സ്പിരിമെന്റ് ആദ്യം ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ ചപ്പാത്തിയുടെ എണ്ണം നിങ്ങള്‍ വിചാരിച്ചതിനേക്കാള്‍ കൂടുതല്‍ ആവാന്‍ സാധ്യത ഉണ്ട്. വെള്ളം കൂടുമ്പോള്‍ അല്പം പൊടി, പൊടി അധികമായാല്‍ വീണ്ടും അല്പം വെള്ളം...അങ്ങിനെ നീണ്ടു പോയേക്കാം ഈ പ്രോസസ്. സോ, ബി കെയര്‍ഫുള്‍.
പരത്തി തുടങ്ങുമ്പോള്‍ നിങ്ങളുടെ സ്കൂള്‍ കാലഘട്ടം ഓര്മ്മിക്കുക. പരത്തുന്ന പ്രതലം അഞ്ചാം ക്ലാസിലെ ഇരുനൂറു പേജ് വരയില്ലാത്ത കണക്ക് നോട്ടുബുക്ക് ആണെന്നും ചപ്പാത്തി കോല്‍ കോമ്പസ് ആണെന്നും മനസ്സില്‍ കരുതുക. എന്നിട്ട് ആദ്യമായി വൃത്തം വരയ്ക്കുന്ന അതേ ശ്രദ്ധയോടും സൂക്ഷ്മതയോടും കൂടി പരത്തി തുടങ്ങുക.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായി ഞാന്‍ ചപ്പാത്തി സാമാന്യം നന്നായി പരത്താന്‍ പഠിച്ചു കഴിഞ്ഞപ്പോള്‍ ആണ്, ശാസ്ത്രീയ വിശകലനത്തിനപ്പുറം ചപ്പാത്തിയെ കുറിച്ച് അല്പം ദാര്‍ശനികമായി ചിന്തിച്ചു തുടങ്ങിയത്. ( മറ്റു കാര്യങ്ങളെ കുറിച്ചൊക്കെ സോക്രട്ടീസ് മുതല്‍ ഹക്സലി, ഫുക്കോ, നിഷേ, ദറിദാ തുടങ്ങി ഒരുപാട് പേര്‍ ചിന്തിച്ചു കഴിഞ്ഞത് കൊണ്ട് നമുക്ക് ഈ ചപ്പാത്തി ഒക്കെയെ ബാക്കിയുള്ളൂ. ) 
എന്തുകൊണ്ട് ചപ്പാത്തി വൃത്താകൃതിയില്‍ തന്നെ ആവണം..? ചതുരത്തിലോ ത്രികോണ ആകൃതിയിലോ അല്ലെങ്കില്‍ ആകൃതി തന്നെ ഇല്ലാതെ (അമീബ രൂപം) ആയാലോ എന്താണ് കുഴപ്പം..? രുചിയിലോ ആരോഗ്യപരമായോ യാതൊരു വ്യത്യാസമോ കുഴപ്പമോ ഇല്ലെന്നിരിക്കെ ഈ വൃത്താകൃതി തന്നെ വേണം എന്ന നിര്‍ബന്ധം എന്തിനാണ്. ലോകത്തുള്ള കോടി കണക്കിന് മനുഷ്യര്‍ വ്യത്യസ്തരല്ലേ..? സൂക്ഷ്മ പ്രപഞ്ചം മുതല്‍ സ്ഥൂല പ്രപഞ്ചം വരെ നിറയെ വൈവിധ്യതകള്‍ അല്ലെ..? വൈവിധ്യതകളെ ഇഷ്ടപ്പെടുക എന്നത് ഒരു സ്പീഷീസ് എന്ന നിലയില്‍ തന്നെ മനുഷ്യന്റെ ഒരു നൈസര്‍ഗ്ഗികമായ ജൈവികചോദന അല്ലെ..? ‘ചിന്തിക്കുന്ന മൃഗംആയ മനുഷ്യനു മാത്രം സാധ്യമാവുന്ന ആ കഴിവില്‍ നിന്നല്ലേ, നമ്മള്‍ വ്യത്യസ്തമായ പാര്‍പ്പിടങ്ങളും വസ്ത്രങ്ങളും ഒക്കെ നിര്‍മ്മിച്ചെടുക്കുന്നത്..? അപ്പോള്‍ പിന്നെ വ്യത്യസ്തമായ ഷേപ്പില്‍ പലതരം ചപ്പാത്തികള്‍ ചുടുന്നത് കൊണ്ട് എന്താണ് കുഴപ്പം..? ആരോ, എതോകാലത്ത് നിര്‍വചിച്ചു വെച്ച ഒരു വര്‍ത്തുളപരിധിയില്‍ ചപ്പാത്തിയെ ബന്ധിപ്പിച്ചു നിര്‍ത്തിയത് നമ്മള്‍ അന്ധമായി പിന്തുടരുകയാണ്. ആര്‍ക്കും ഒരു തരത്തിലും ദോഷം സൃഷ്ടിക്കാത്ത തരത്തിലുള്ള മാറ്റങ്ങള്‍ക്ക് പോലും നമ്മള്‍ സന്നദ്ധരാവുന്നില്ല എന്നത്, നിരുപദ്രവകരമായ മാറ്റങ്ങളെ പോലും നമ്മള്‍ ഭയപ്പെടുന്നു എന്നത്, അത്ര ശുഭോതര്‍ക്കമായ ഒരു കാര്യമായി തോന്നുന്നില്ല. പാചകം ഒരു കലയാണെന്ന് പറയുമ്പോഴും അതിലെ സര്‍ഗ്ഗാത്മക സാധ്യതകളെ ഇതുപോലുള്ള നിബന്ധനകളില്‍ തളച്ചിടുകയാണ് നമ്മള്‍ സ്വയം തന്നെ. അതുകൊണ്ട് കൂട്ടുകാരെ, ഇനി മുതല്‍ വ്യത്യസ്തമായ ചപ്പാത്തികള്‍ പരത്തി നിങ്ങള്‍ നിങ്ങളുടെ തീന്‍മേശയിലെ വിപ്ലവത്തിന് തുടക്കമിടുക. സാഹിത്യത്തിലും ചിത്രകലയിലും ഒക്കെ ഇത്തരം നവീന സങ്കേതങ്ങള്‍ കാലികമായി രൂപപ്പെട്ടു വന്നിട്ടുണ്ടല്ലോ. അപ്പോള്‍ പിന്നെ പാചകം എന്ന കലാരൂപത്തിലും അത്തരം മാറ്റങ്ങള്‍ പ്രയോഗവല്‍ക്കരിക്കപ്പെടെണ്ടതുണ്ട്. ഏഴു നിറങ്ങളാണ് മഴവില്ലിനെ മനോഹരമാക്കുന്നതെങ്കില്‍, ഏഴു സ്വരങ്ങളാണ് സംഗീതത്തെ ശ്രാവ്യസുന്ദരമാക്കുന്നതെങ്കില്‍ ഏഴു രൂപത്തില്‍ പരത്തിയെടുത്ത ചപ്പാത്തികള്‍ ആവട്ടെ നിങ്ങളുടെ തീന്‍മേശയെ അലങ്കരിക്കുന്നത്. 

( വാല്‍:-ശാസ്ത്രീയ ചപ്പാത്തി ആവട്ടെ, ദാര്‍ശനിക ചപ്പാത്തി ആവട്ടെ ഒരു കാര്യം കോമണ്‍ ആണ്. പൊടി കുഴക്കുമ്പോള്‍ വെള്ളത്തില്‍ ഉപ്പ് ചേര്‍ക്കാന്‍ മറക്കരുത്. മാറ്റം ഇല്ലാത്തതായി മാറ്റം മാത്രമേ ഉള്ളൂ എന്ന് മാര്‍ക്സ്. മാറ്റം ഇല്ലാത്തതായി ഉപ്പും കൂടി ഉണ്ട് എന്ന് ഞാന്‍) 

സെക്യൂരിറ്റി

·  സെക്യൂരിറ്റി. 
----------------------

കഴിഞ്ഞ ഒന്നോ രണ്ടോ ദശകതിനുള്ളിലാണ് കേരളത്തിൽ 'സെക്യൂരിറ്റി' എന്ന പേരിൽ ഒരു പുതിയ തൊഴിൽ വിഭാഗം രൂപപ്പെട്ടത് എന്ന് തോന്നുന്നു. ഇന്ന് എല്ലായിടത്തും ഇവരെ കാണാം. ആശുപത്രികളിൽ, സിനിമാ ശാലകളിൽ, വലിയ തുണിക്കടകളിൽ, ഹോട്ടലുകളിൽ തുടങ്ങി കല്യാണവീടുകളിൽ വരെ. സെക്യൂരിറ്റി എന്ന് പൊതുവെ വിളിക്കപ്പെടുമെങ്കിലും ഇവരിൽ പലതരക്കാരെ കാണാം. ചുറുചുറുക്കുള്ള സെക്യൂരിറ്റിയെ കാണണമെങ്കിൽ കോർപ്പറേറ്റ് ബാങ്കിന്റെ ശാഖയിൽ പോയാൽ മതി, അല്ലെങ്കിൽ വലിയ മാളിക പോലെ കാണപ്പെടുന്ന ജ്വല്ലറികളിൽ. ഹൈവേകളുടെ വശങ്ങളിൽ ഉള്ള ഇടത്തരം ഭക്ഷണ ശാലകളിൽ നിന്നും നിങ്ങളെ ഉച്ചവെയിലിൽ മാടി വിളിക്കുന്നത് ദാരിദ്ര്യവും വാര്ധക്യവും ബാധിച്ച സെക്യൂരിറ്റി ആവാം.

വിഷയം അതല്ല, 'സെക്യൂരിറ്റി ജ്വരം ' നമ്മുടെ പൊതുവിദ്യാലയങ്ങലെയും ബാധിച്ചിരിക്കുന്നു എന്ന് മനസിലായത് ഇപ്പോഴാണ്. ഇക്കഴിഞ്ഞ മാസം ഞാൻ പഠിച്ച കലാലയത്തിനു സമീപമുള്ള ഒരു ഗേൾസ് ഹൈസ്ക്കൂളിന് മുന്പിലൂടെ പോകുമ്പോൾ സന്തോഷ് കാണിച്ചു തന്നു. വൈകീട്ട് മൂന്നു മണി ആയിക്കാണും. സ്കൂളിന്റെ ഗേറ്റ് അടച്ചുപൂട്ടിയിരിക്കുന്നു. അകത്ത് ഒരു സെക്യൂരിറ്റി കാവൽ. പുറത്ത്, ഗേറ്റിനു മുൻപിൽ കുറെ രക്ഷിതാക്കൾ 'ശ്രീകോവിൽ ' തുറക്കുന്നതും കാത്തിരിക്കുന്നു. ആ കാഴ്ചയിൽ പെട്ടെന്ന് ഓർമ്മകൾ പാഞ്ഞത് ഭൂതകാലത്തിലെക്കാണ്. തൊണ്ണൂറുകളിൽ, പഠിക്കുന്ന കാലത്ത് എത്രയോ പ്രാവശ്യം 'അങ്കവും കാണാം താളിയും ഒടിക്കാം ' എന്ന മട്ടിൽ ആ ഗേൾസ് ഹൈസ്ക്കൂളിൽ നടക്കാറുള്ള ബാസ്കറ്റ് ബാൾ മത്സരങ്ങൾ കാണാൻ കൂട്ടുകാരോടൊപ്പം പോയത്. അയൽ കോളേജ് വാസികളും കൗമാരക്കാരുമായ ഞങ്ങള്ക്ക് മുൻപിലൊന്നും അന്ന് ഗേറ്റുകൾ ആരും തന്നെ അടച്ചിരുന്നില്ല. അന്നൊന്നും അടയ്ക്കാതിരുന്ന ആ ഗേറ്റുകൾ അടച്ചു പൂട്ടി കാവല്ക്കാരെ നിർത്താൻ മാത്രം എന്ത് അരക്ഷിതാവസ്ഥയാണ് പിന്നിട്ട രണ്ടു ദശകത്തിനുള്ളിൽ കേരളത്തിൽ രൂപപ്പെട്ടത്..?

നിങ്ങളിൽ ആധിപത്യം സ്ഥാപിക്കാനുള്ള ആദ്യ വഴി നിങ്ങളിൽ ഭയം ജനിപ്പിക്കുക എന്നതാണ്. അച്ചടക്കം എന്ന ഓമനപ്പേരിൽ ഇത്തരം ഒരു 'അധികാരം സ്ഥാപിക്കൽ ' ആണ് ഇവിടെയൊക്കെ വളരെ തന്ത്രപരമായി നടപ്പാക്കുന്നത്. വിദ്യാർഥിയുടെ സ്വഭാവഗുണം ഇത്തരം 'അച്ചടക്കം' ആണെന്ന് അവർ ആണയിട്ടു പറയുന്നു. പാഠപുസ്തകം പഠിക്കുക എന്നത് മാത്രമാണ് വിദ്യാർഥിയുടെ ഒരേ ഒരു ഉത്തരവാദിത്വം എന്ന് അവർ നിങ്ങളെ നിരന്തരം ഓര്മ്മിപ്പിക്കുന്നു. വിദ്യാർഥി മൽസരാർഥി കൂടിയാണെന്നും വിദ്യാഭ്യാസം ഒരു മത്സരം ആണെന്നും അവർ വിചാരങ്ങൾ സൃഷ്ടിക്കുന്നു. ക്ലാസ് മുറിക്ക് പുറത്തുള്ള പാഠവും പഠനവും നഷ്ടമായ വിദ്യാർഥിക്ക്, 'അച്ചടക്കം ' എന്ന വാക്കിനു 'അസ്വാതന്ത്ര്യം' എന്നൊരു നാനാർത്ഥം കൂടിയുണ്ടെന്ന അനുഭവപാഠം നഷ്ടമാകുന്നു. ആരും ഭയപ്പെടുതാനില്ലാഞ്ഞിട്ടും ഭയത്തോടെയും എല്ലാത്തിനെയും സംശയ ദൃഷ്ടിയോടെയും നോക്കിക്കാണാൻ അത് വിദ്യാർഥിയെ പ്രേരിപ്പിക്കുന്നു.
പുതിയ ആഗോളവല്കൃത ലോകക്രമത്തിൽ വാക്കുകൾക്ക് ഇത്തരത്തിൽ 'മെറ്റമോർഫോസിസ്' സംഭവിക്കുന്നത് കാണാം. പുതിയ സംസ്കാരം ഭാഷയെയും വാക്കുകളെയും എല്ലാം അതിന്റെ രീതികൾക്കനുസരിച്ച് പരുവപ്പെടുതിയെടുക്കുന്നു. അതിൽ ശരിയും തെറ്റും കാണാം. പക്ഷെ, ചില പ്രത്യേക പദാവലികളിൽ മാത്രം അവരുടെ ഉളിയും ചുറ്റികയും പതിയുമ്പോൾ അത് തിരിച്ചറിയപ്പെടെണ്ടതുണ്ട്. 'സ്കൂളിനു പുറത്ത് ഉന്തുവണ്ടിക്കാരൻ വില്ക്കുന്ന ഉപ്പിലിട്ട നെല്ലിക്ക വാങ്ങി കഴിക്കരുത്, അത് രോഗം ഉണ്ടാക്കും' എന്ന നിർദ്ദേശത്തിനു പിന്നിലുള്ള രാഷ്ട്രീയ ദുരുദ്ദേശത്തെ ശുചിത്വം , ആരോഗ്യം എന്നീ വാക്കുകൾ കൊണ്ട് അവർ മൂടിക്കളയുന്നു. ഫലം ഭാഷയുടെ രാഷ്ട്രീയവും ജൈവികതയും വിദ്യാർഥികൾ അറിയാതെ പോകുന്നു. ഭാഷ നഷ്ടപ്പെട്ടവൻ നിരായുധനാനെന്നു നിങ്ങൾക്കരിയില്ലെങ്കിലും അവർക്ക് നന്നായറിയാം.

വിദ്യാലയങ്ങളിൽ സമരം പാടില്ല എന്ന് വണ്ണം (മാത്രം) വെച്ച വിപ്ലവപാർട്ടി നേതാക്കൾ തന്നെ പറയുന്ന കാലം കൂടിയാണ്. ഉയർന്ന മതിലിനും താഴിട്ടു പൂട്ടിയ ഗേറ്റിനും അകത്ത് ഒരു വിദ്യാലയമോ കലാലയമോ ഉണ്ടെന്നു പുറംലോകം അറിയരുത്. അതിനകത്തിരുന്നു അധ്യാപകർ ബഷീറിന്റെ 'മതിലുകൾ' പഠിപ്പിക്കട്ടെ. വിദ്യാർഥികൾ അത് പഠിച്ച് എ പ്ലസ് വാങ്ങിക്കട്ടെ.

വിദ്യാലയങ്ങൾ അടച്ചിട്ടു പഠിപ്പിക്കുന്ന ഒരു കാലത്തിൽ, നിങ്ങൾ വിപ്ലവത്തെ കുറിച്ച് ചിന്തിക്കുന്നുവെങ്കിൽ ആദ്യം തകർക്കേണ്ടത് ഈ വിദ്യാലയങ്ങളെ ആണ്.




2013, ഡിസംബർ 22, ഞായറാഴ്‌ച

സിനിമ - ക്ലോസ്ഡ് കര്‍ട്ടന്‍ - ജാഫര്‍ പനാഹി( ഇറാന്‍ )

ക്ലോസ്ഡ് കര്‍ട്ടന്‍ - ജാഫര്‍ പനാഹി
കര്‍ട്ടന്‍ എന്ന വാക്ക് സിനിമ എന്ന മാധ്യമത്തെക്കാള്‍ നാടകവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒന്നാണ്. ഇവയാണ് രംഗവും സദസ്സും (പ്രേക്ഷകനും) തമ്മിലുള്ള ദൃശ്യ സംവേദത്തിന്റെ അതിര് നിര്‍ണ്ണയിക്കുന്നത്. നാടകത്തില്‍ കര്‍ട്ടന്‍ ഉയരുന്നിടത്ത് കാഴ്ച ആരംഭിക്കുമ്പോള്‍ സിനിമയില്‍ വെളിച്ചം കാഴ്ച്ചയുടെ നാന്ദി കുറിക്കുന്നു. ഇറാനിയന്‍ ചലച്ചിത്രകാരനായ ജാഫര്‍ പനാഹിയുടെ ക്ലോസ്ഡ കര്‍ട്ടന്‍ എന്ന സിനിമ തിരശ്ശീലകള്‍ താഴ്ത്തിയിടുന്നതില്‍ തുടങ്ങി തുറന്നിടുന്നതില്‍ അവസാനിക്കുന്ന, സിനിമയെ വിപരീതവല്‍ക്കരിക്കുന്ന ഒരു നാടകക്കാഴ്ചയിലേക്ക് കാഴച്ചക്കാരനെ ക്ഷണിക്കുന്നു. അഥവാ, സദസ്സില്‍ നിന്നും മാറി വേദിയില്‍ ഇരുന്നു നാടകം കാണേണ്ടി വരുന്ന ഒരവസ്ഥയിലേക്ക് കാഴ്ചക്കാരനെ തള്ളിവിടുന്നു ഈ സിനിമ.

     ഇറാനില്‍ സിനിമയെടുക്കുന്നതിനു വിലക്ക് നേരിടുകയും വീട്ടുതടങ്കലില്‍ ആക്കപ്പെടുകയും ചെയ്ത ജാഫര്‍ പനാഹി, തന്റെ മിത്രവും തിരക്കഥാകൃത്തും ആയ കംബൂസിയ പട്രോവിയുമായി (അദ്ദേഹം തന്നെയാണ് തിരക്കഥാകൃത്തായി ഇതില്‍ വേഷമിടുന്നതും) ചേര്‍ന്നാണ് ഈ ചലച്ചിത്രം പൂര്‍ത്തിയാക്കിയത്. കടല്‍ തീരത്തു സ്ഥിതിചെയ്യുന്ന ഒരു വീട്ടിനകത്ത് നിന്നും അഴികള്‍ക്കിടയിലൂടെ ഉള്ള കടലിന്റെ ഒരു വിദൂര ദൃശ്യത്തോടു കൂടിയാണ് സിനിമ ആരംഭിക്കുന്നത്. ദീര്‍ഘവും നിശ്ചലവുമായ ഈ ഒരു ഷോട്ടിലൂടെ തന്നെ പ്രേക്ഷകനെ അഴികള്‍ക്ക് പിന്നില്‍, വീട്ടിനകത്തേക്ക് എത്തിക്കുന്നുണ്ട് സംവിധായകന്‍. പിന്നീടങ്ങോട്ട് അവിടെ നടക്കുന്ന നാടകീയതയുടെയും ആത്മസംഘര്‍ഷതിന്റെതും ആയ ഒരു ദൃശ്യപരിസരത്തിലേക്ക് കാഴ്ച്ചകാരനെ കൂടി ഉള്‍പ്പെടുത്തുന്നു ഇവിടെ. തന്റെ വളര്‍ത്തു മൃഗം ആയ നായയെയും (ഇറാനില്‍ പൊതു സ്ഥലത്ത് നായെ കൊണ്ടുനടക്കാന്‍ പാടില്ല) കൊണ്ടാണ് തിരക്കഥാകൃത്തായ പട്രോവി വീട്ടിലേക്ക് വരുന്നത്. വലിയൊരു ബാഗിനകത്ത് ഒളിപ്പിച്ചു കൊണ്ടുവരുന്ന നായ ഒരു പ്രതീകം തന്നെയാണ്. സിനിമ എന്ന മാധ്യമത്തോടുള്ള ഭരണകൂടത്തിന്റെ നിലപാടിനെ തന്നെയാണ് വെറുക്കപ്പെട്ട മൃഗം ആയ നായയെ (നായകളെ കൊന്നൊടുക്കുന്ന ഒരു ദൃശ്യം നായ തന്നെ ടെലിവിഷനില്‍ കാണുന്ന ഒരു രംഗം ഉണ്ട് ഇതില്‍) കഥാപാത്രമാക്കിയതിലൂടെ പറയാന്‍ ശ്രമിക്കുന്നത്. ആരും പറയാന്‍ മടിക്കുന്നത് ഉച്ചത്തില്‍ വിളിച്ചു പറയാന്‍ ശ്രമിക്കുന്നവരെ പ്രതീകവല്‍ക്കരിക്കാന്‍ നായയെക്കാള്‍ (കെ.ജി.ശങ്കരപ്പിള്ളയുടെ കഷണ്ടി എന്ന കവിതയില്‍ പറഞ്ഞ പോലെ) നല്ല മറ്റൊരു പ്രതീകം ഇല്ല തന്നെ. പനാഹിയുടെ മുന്‍കാല സിനിമകള്‍ പലതും (ഓഫ്‌ സൈഡ്, സര്‍ക്കിള്‍, വൈറ്റ് ബലൂണ്‍) വ്യവസ്ഥിതിക്ക് നേരെയുള്ള കുരയ്ക്കലുകള്‍ ആയതുകൊണ്ടാണല്ലോ അദ്ദേഹം ഒരു നായയെ പോലെ ഭരണകൂടത്താല്‍ വെറുക്കപ്പെട്ടതും കൂട്ടിലടക്കപ്പെട്ടതും.

     ചലച്ചിത്രകാരന്‍ (തിരക്കഥാകൃത്തായ പട്രോവി), ഒരു രാത്രിയില്‍ പെട്ടെന്ന് അതിക്രമിച്ചു കടന്നു വരുന്ന സ്ത്രീ (മലിക എന്ന കഥാപാത്രം), ജാഫര്‍ പനാഹി (അദ്ദേഹം തന്നെ) ഈ മൂന്നു റോളുകള്‍ സിനിമയില്‍ യഥാക്രമം പനാഹി എന്ന ചലച്ചിത്രകാരന്‍, അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങള്‍, പനാഹി എന്ന വ്യക്തി എന്നീ മൂന്നു സ്വത്വങ്ങളെ പ്രതിനിധാനം ചെയ്യുന്നു. വിലക്കുകള്‍ നിലനില്‍ക്കുമ്പോഴും എഴുത്തുകാരന്‍/ചലച്ചിത്രകാരന്‍ അനുഭവിക്കുന്ന ആത്മസംഘര്‍ഷവും, അതിക്രമിച്ചു കടന്നു വരുന്ന കഥാപാത്രങ്ങള്‍ അദ്ദേഹത്തില്‍ ഉണ്ടാക്കുന്ന മാനസിക സമ്മര്‍ദ്ദവും പനാഹി എന്ന കലാകാരന്‍ അനുഭവിച്ച/അനുഭവിക്കുന്ന സംഘര്‍ഷം തന്നെയാണ്. സഹോദരനോടൊപ്പം ഒരു രാത്രിയില്‍ വീട്ടിനകത്തെക്ക് പെട്ടെന്ന് അനുവാദമില്ലാതെ കടന്നു വരുന്ന സ്ത്രീ (മലിക) വീട്ടിനകത്ത് അമിതസ്വാതന്ത്ര്യം എടുക്കുകയും, പട്രോവിയുടെ സ്വകാര്യതയെ ശല്യപ്പെടുത്തുകയും ഒക്കെ ചെയ്യുന്നുണ്ട്. ഇവര്‍ തമ്മിലുള്ള സംഭാഷണത്തില്‍ ഒരു ഘട്ടത്തില്‍ പട്രോവിയുടെ ഈ ഒളിജീവിതത്തെ കളിയാക്കുന്ന രീതിയില്‍ മലിക സംസാരിക്കുന്നുമുണ്ട്. ജാഫര്‍ പനാഹിയുടെ മിക്ക ചിത്രങ്ങളും ഇറാനില്‍ സ്ത്രീകള്‍ ലിംഗപരമായി നേരിടുന്ന വിവേചനങ്ങളെ നിശിതമായി വിമരശിക്കുന്നവയാണല്ലോ. കഥാപാത്രം എന്ന ഒരു രൂപകത്തെ സിനിമയിലേക്ക് സന്നിവേശിച്ചപ്പോള്‍, അതവതരിപ്പിക്കാന്‍ ഒരു സ്ത്രീയെ തന്നെ തെരഞ്ഞെടുത്തതില്‍ മുന്‍കാല പനാഹി സിനിമകള്‍ പറഞ്ഞു വെച്ച Gender politics ന്റെ ഒരു തുടര്‍ച്ച കാണാവുന്നതാണ്.

     പെട്രോവിയും അദ്ദേഹത്തിന്‍റെ നായയും മലികയും ഒക്കെയായി സിനിമയുടെ ആദ്യപാദം പിന്നിടുമ്പോള്‍ ഈ കഥാപാത്രങ്ങളെയൊക്കെ പൊടുന്നനെ അപ്രത്യക്ഷമാക്കി അത്യന്തം നാടകീയമായി ജാഫര്‍ പനാഹി തന്നെ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത് കാണാം. പിന്നീടുള്ള കുറെ ഭാഗം ഒരു മുഷിപ്പന്‍ സോളോ ഡ്രാമയുടെ പോലെ  സിനിമയുടെ ആഖ്യാന രീതി മാറുന്നുണ്ട്. കലാകാരന്‍ എന്ന തന്റെ സത്വത്തില്‍ നിന്നും മാറി അതിന്റെ എല്ലാ വിധ സര്‍ഗ്ഗസംഘര്‍ഷങ്ങളെയും ഉപേക്ഷിച്ച് സാധാരണ ജീവിതവുമായി പൊരുത്തപ്പെടാനുള്ള പനാഹിയുടെ ശ്രമം ഈ ദൃശ്യങ്ങളിലത്രയും കാണാം. വീട്ടിനകത്തുള്ള സ്വന്തം സിനിമകളുടെ പോസ്റ്ററുകള്‍ കാണുമ്പോള്‍ പ്രകടമാകുന്ന നിര്‍വികാരതയും, ഗാര്‍ഹികമായ എല്ലാ സ്വാഭാവിക നിഷ്ഠകളുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുന്നതും എല്ലാം പനാഹി എന്ന വ്യക്തി അയാളിലെ കലാകാരനില്‍ നിന്നും കുതറിമാറാന്‍ ശ്രമിക്കുന്നതിന്റെ സൂചനകളായി അനുഭവപ്പെടുന്നുണ്ട്. ഈ രംഗങ്ങളിലത്രയും നിസ്സംഗമായ ഒരു മുഖഭാവമാണ് അദ്ദേഹത്തിന്. തീവ്രമായ ഒരു വികാരശൂന്യത പ്രകടമാണ്. തന്റെ കൈകളുടെ ചലനം പോലും എങ്ങിനെ പ്രകടിപ്പിക്കണമെന്ന് അറിയാത്ത രീതിയില്‍ അദ്ദേഹത്തിന് തന്റെ സ്വാഭാവികമായ ശരീരഭാഷ പോലും അന്യമായിപ്പോകുന്നുണ്ട്. തന്റെ മാനസികാവസ്ഥ പ്രേക്ഷകനിലേക്ക് കൂടി സന്നിവേശിപ്പിക്കാന്‍, പരിമിതമായ ദൃശ്യവല്‍ക്കരണ സാധ്യതകളില്‍ നിന്നുകൊണ്ട് പനാഹി നടത്തുന്ന ഒരു ശ്രമം കൂടിയാവാം, സാമാന്യം ദീര്‍ഘവും വരണ്ടതുമായ ഈ ഒരു സീക്വന്‍സ്.

     സിനിമ അവസാനിക്കുമ്പോള്‍ ക്യാമറ സിനിമയുടെ ആദ്യസീനിന്റെ അതേ ആംഗിളില്‍ തന്നെ തിരിചെത്തുന്നുണ്ട്. അഴികല്‍ക്കിടയിലൂടെയുള്ള വിദൂര ദൃശ്യത്തില്‍, അകലെയായ് കാണുന്ന റോഡില്‍ നിന്നും ജാഫര്‍ പനാഹി ഒരു കാറില്‍ കയറി പോവുകയാണ്. അപ്പോഴും, പനാഹി എന്ന വ്യക്തി, തുറന്ന ലോകത്തേക്ക് യാത്രയാവുമ്പോഴും, വീട്ടിനകത്ത് അഴികള്‍ക്കുള്ളിലായ്‌ രണ്ടു പേരെ കാണാം; പെട്രോവിയും മലികയും. നമ്മള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ പനാഹി രണ്ടു സാധ്യതകള്‍ തരുന്നു. അദ്ദേഹത്തോടൊപ്പം വീട്ടില്‍ നിന്നും പുറത്തെക്കിറങ്ങാം. അല്ലെങ്കില്‍ ആ വീട്ടിനകത്ത് കലാകാരനും കഥാപാത്രത്തിനും കൂട്ടിരിക്കാം; വെളുത്ത തിരശ്ശീലയില്‍ അവരുടെ രൂപങ്ങള്‍ വെള്ളിവെളിച്ചമായ് ഉയിര് പ്രാപിക്കുംവരെ. 

     സിനിമയുടെ പ്രതിപാദ്യവിഷയം ചലച്ചിത്രകാരന്റെ വ്യക്തയാനുഭവവും (വീട്ടുതടങ്കലും വിലക്കും) അതിലേക്കു നയിച്ച കാരണങ്ങളും(?) ആയതുകൊണ്ട് തന്നെ അകത്തെ ദൃശ്യങ്ങളും അകത്തുനിന്നുള്ള പുറം കാഴ്ച്ചകള്‍ക്കുമപ്പുറം സിനിമ ഒരിക്കലും വീടിനു പുറത്തേക്ക് സഞ്ചരിക്കുന്നില്ല. വീട്ടിനകത്ത് പട്രോവി തന്റെ തന്നെ ചലനങ്ങള്‍ സ്വയം മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുന്ന ഒരു സീന്‍ ഉണ്ട് സിനിമയില്‍. ക്ലോസ്ഡ കര്‍ട്ടന്‍ എന്ന സിനിമയുടെ ഉള്ളടക്കം മുഴുവന്‍ ഈ ഒരു ദൃശ്യത്തില്‍ ഉണ്ട്. കൃത്യമായ രാഷ്ട്രീയവും മാനവികബോധവും ഉള്ള ഒരാളെ സംബന്ധിച്ചെടുത്തോളം കല അയാളുടെ ആത്മാവിഷ്കാരം തന്നെയാണ്. അതിനു തടയിടാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ കലാകാരന്‍ സ്വയം ഒരു കലാസൃഷ്ടിയായ് രൂപാന്തരപ്പെടും. ഒരു വിപ്ലവകാരി രക്തസാക്ഷിയാവുമ്പോള്‍ വിപ്ലവത്തിന് മൂര്‍ച്ച കൂടുന്നത് പോലെ തന്നെയാണതും. ചുവരുകള്‍ക്കകത്ത്, അടഞ്ഞ വാതിലിനും താഴ്ത്തിയിട്ട കര്‍ട്ടനുകള്‍ക്കും ഉള്ളില്‍ പനാഹിയും കൂട്ടരും ആടിത്തീര്‍ത്ത ഈ അഭ്രനടനം കൂടുതല്‍ മൂര്‍ച്ചയേറിയതാണ്. അലഞ്ഞു തിരിയുന്നവയെക്കാള്‍ അപകടകാരികള്‍ ആണ് കൂട്ടില്‍ അടച്ച സിംഹങ്ങള്‍ എന്ന് അദ്ദേഹത്തെ അകത്താക്കിയവര്‍ എന്നെങ്കിലും തിരിച്ചറിയും.
                                                 -താരിഖ്. സി.